തൃക്കാക്കര: ഒരു മാസം നീണ്ട പ്രചാരണത്തിന് ഒടുവില്‍ തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലെത്തും. മണ്ഡലത്തില്‍ ഇന്ന് നിശബ്ദ പ്രചാരണമാണ്.ഇന്ന് ആളുകളെ നേരില്‍ കണ്ട് വോട്ടുറപ്പിക്കുന്ന തിരിക്കിലായിരിക്കും സ്ഥാനാര്‍ത്ഥികള്‍. മണ്ഡലത്തിലേയും ജില്ലയിലേയും നേതാക്കളോടൊപ്പമാകും സ്ഥാനാര്‍ത്ഥികളുണ്ടാകുക. നാളെയാണ് വോട്ടെടുപ്പ്. യുഡിഎഫിന്റെ ഉമ തോമസ്, എല്‍ഡിഎഫിന്റെ ഡോ. ജോ ജോസഫ്, ബിജെപിയുടെ എ എന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍.
വോട്ടെണ്ണല്‍ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളേജില്‍ രാവിലെ 7.30 മുതല്‍ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങും. മണ്ഡലത്തിലാകെ 239 പോളിങ് ബൂത്തുകളാണ് സജീകരിച്ചിട്ടുള്ളത്. ആകെ ഒരു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി എണ്ണൂറ്റി അഞ്ച് വോട്ടര്‍മാരാണ് മണ്ഡത്തിലുളളത്. ഇതില്‍ 3633 കന്നിവോട്ടര്‍മാരാണ്. മണ്ഡലത്തില്‍ പ്രശ്‌ന ബാധിത ബൂത്തുകളോ പ്രശ്‌ന സാധ്യതാ ബൂത്തുകളോ ഇല്ല. കൊച്ചി കോര്‍പ്പറേഷനിലെ 22 വാര്‍ഡുകളും തൃക്കാക്കര നഗരസഭയും ഉള്‍ക്കൊളളുന്നതാണ് മണ്ഡലം.
തൃക്കാക്കര ജനത പോളിംഗ് ബൂത്തിലെത്താൻ ഒരു ദിനം മാത്രം ശേഷിക്കെ വിജയം അവകാശപ്പെടുകയാണ് പ്രമുഖ മുന്നണികൾ. പതിനായിരത്തിനും ഇരുപത്തി അയ്യായിരത്തിനും ഇടയില്‍ ഭൂരിപക്ഷം ഉമയ്ക്കു കിട്ടുമെന്നാണ് യുഡിഎഫ് കണക്ക്. അയ്യായിരത്തിനും എണ്ണായിരത്തിനും ഇടയില്‍ ഭൂരിപക്ഷത്തിന് ജോ ജയിക്കുമെന്നാണ് സിപിഎം ഘടകങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കിയ അന്തിമ റിപ്പോര്‍ട്ട്.
Discussion about this post