തൃശൂർ: മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തിനിടെ 45-കാരനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. പാലക്കാട് കണ്ണമ്പ്ര സ്വദേശി പ്രകാശനെയാണ് കൊല്ലാൻ ശ്രമിച്ചത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശി റെജികുമാറിനെ നെടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിന് പരിക്കേറ്റ പ്രകാശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശക്തന് നഗറിലെ ബിവറേജസ് ഔട്ട് ലെറ്റിൽ വച്ചാണ് പ്രകാശനും സുഹൃത്ത് ഷിനുവും തിരുവനന്തപുരം സ്വദേശി റെജി കുമാറും ചേർന്നു മദ്യപിച്ചത്. ഷെയറിട്ട് മദ്യം വാങ്ങി ഒഴിഞ്ഞ ഷോപ്പിംഗ് മാളിന് പിറകില്‍ വച്ച് മദ്യപിക്കുന്നതിനിടെ റെജി കുമാർ തൃശൂർ ജില്ലയെ കളിയാക്കിയത് ഷിനുവിനെ പ്രകോപിപ്പിച്ചു. ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായി.
ഇതോടെ പിടിച്ചുമാറ്റാൻ എത്തിയ പ്രകാശനെ റെജികുമാർ ബ്ലേഡ് കൊണ്ട് കഴുത്തില്‍ വരയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. മൂക്കിന് ഇടി കിട്ടിയ പ്രതി റെജി കുമാറിനെ ജില്ലാ ആശുപത്രിയിലെ ഡിറ്റക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചു.
Discussion about this post