അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ളവ് കുമാർ ദേബ് രാജിവച്ചു. ഗവർണർക്ക് രാജിക്കത്ത് നൽകിയതായി ബിപ്ളവ് കുമാർ ദേബ് അറിയിച്ചു. ബിജെപി ആവശ്യപ്രകാരമായിരുന്നു രാജി.ഇന്നലെ ഡൽഹിയിലെത്തി പാർട്ടി അദ്ധ്യക്ഷൻ ജെ.പി നദ്ദയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിപ്ളവ് കുമാർ ദേബ് കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാജി. ത്രിപുരയിൽ തിരഞ്ഞെടുപ്പിന് ഇനി 10 മാസം മാത്രമാണ് ബാക്കിയുളളത്.
പുതിയ മുഖ്യമന്ത്രിയെ ഇന്നുതന്നെ ബിജെപി തിരഞ്ഞെടുക്കും. ഇതിനായി ബിജെപി നിയമസഭാകക്ഷി യോഗം ഇന്നുതന്നെ ചേരും. ഒരു വിഭാഗം എംഎൽഎമാരും ബിപ്ളവിനെതിരെ തിരിഞ്ഞിരുന്നു. സംസ്ഥാനത്തെ സാമൂഹ്യസ്ഥിതി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു. പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബിജെപി രണ്ട് നിരീക്ഷകരെ ത്രിപുരയിലേക്ക് അയച്ചിട്ടുണ്ട്.
Discussion about this post