പാണ്ടിക്കാട്: ഹോട്ടലുടമയുടെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച് ഗൂഗിള്‍പേ ഉപയോഗിച്ച് 75000 രൂപ ട്രാന്‍സ്ഫര്‍ ചെയ്ത കേസില്‍ മുഖ്യപ്രതി പിടിയില്‍. ആമക്കാട് സ്വദേശി പാലപ്ര സിയാദിനെ (36)യാണ് പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
മേയ് 23-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാണ്ടിക്കാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഗായത്രി ഹോട്ടല്‍ ഉടമ മുരളീധരന്‍ പൂളമണ്ണയുടെ പണമാണ് തട്ടിയത്. ഹോട്ടലിലെ മുന്‍ ജീവനക്കാരനായ മുഹമ്മദ് ഇര്‍ഫാന്‍ മുരളീധരന്റെ ഗൂഗിള്‍ പിന്‍ നമ്പര്‍ മനസ്സിലാക്കുകയും ഫോണ്‍ മോഷ്ടിച്ച് അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ഷാരീഖിന്റെ അക്കൗണ്ടിലേക്ക് രണ്ട് തവണകളായി 75000 രൂപ കൈമാറ്റം ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് ഇര്‍ഫാനും മുഹമ്മദ് ഷാരിഖും മറ്റൊരു പ്രതി അബ്ദുല്‍ ഹഖും നേരത്തെ അറസ്റ്റിലായിരുന്നു. മുഖ്യ സൂത്രധാരനായ സിയാദ് ഒളിവില്‍ കഴിയവേ നീലഗിരിയില്‍വെച്ചാണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരേ പാണ്ടിക്കാട് സ്റ്റേഷനില്‍ മാത്രം ഏഴോളം കേസുകളുണ്ട്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. റഫീഖ്, എസ്.ഐ. ഇ.എ. അരവിന്ദന്‍, എസ്.സി.പി.ഒ. ശൈലേഷ് ജോണ്‍, പി. രതീഷ്, സി.പി.ഒമാരായ പി.കെ. ഷൈജു, കെ. ഷമീര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Discussion about this post