തൊടുപുഴ: ഫേസ്ബുക്ക് പോസ്റ്റിൽ കമന്റിട്ടതിന് വയോധികനെ മർദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സിപിഎം പ്രവർത്തകരായ സോണി, അനന്തു എന്നിവരാണ് അറസ്റ്റിലായത്. ഇടുക്കി കരിമണ്ണൂര്‍ സ്വദേശി ജോസഫ് വെച്ചൂരിനാണ് മര്‍ദനമേറ്റത്. ജോസഫിന്റെ ഇടത് കാലും കൈയും ഇരുമ്പുപൈപ്പുകൊണ്ട് അടിച്ചൊടിച്ചു. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം.
കരിമണ്ണൂര്‍ സിപിഎം ഏരിയ സെക്രട്ടറി പി പി സുമേഷിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്ന് ജോസഫ് പറയുന്നു. മർദനത്തിൽ ഗുരുതര പരിക്കേറ്റ ജോസഫിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ജോസഫ് കമന്റ് ചെയ്തത്. ജനകീയനല്ലാത്ത ആളുകളെയാണല്ലോ ഇപ്പോൾ തെരഞ്ഞെടുക്കുന്നതെന്നും സിപിഎം ഏരീയ സെക്രട്ടറി ഇത്തരത്തിലുള്ള ആളാണെന്നുമായിരുന്നു കമന്റ്. ഫോണിൽവിളിച്ച് സംസാരിക്കാനുണ്ടെന്ന് ആവശ്യപ്പെട്ടാണ് ജോസഫിനെ സംഘം പുറത്തെത്തിച്ചത്. കാറിലും ബൈക്കിലുമെത്തിയ സംഘം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നെന്ന് ജോസഫ് പറയുന്നു.
Discussion about this post