പയ്യോളി: വാഹനങ്ങളുടെ ആധിക്യവും അശാസ്ത്രീയമായ ഓട്ടോ പാർക്കിങ്ങും കാരണം ഗതാഗത കുരുക്ക് ദുരിതത്തിലാക്കിയ ബീച്ച് റോഡിന് ശാപമോക്ഷമാവുന്നു. ബീച്ച് റോഡിലെ, റെയിൽവെ ഗേറ്റിന് കിഴക്ക് ഭാഗത്തെ ഓട്ടോ പാർക്കിങ്ങ്, ഗുഡ്സ് ഓട്ടോ സ്റ്റാൻ്റുകൾ ഇനിയുണ്ടാവില്ല. ജൂൺ 15 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.
മൂന്ന് ഓട്ടോറിക്ഷകൾക്ക് ഇടം നൽകി ആരംഭിച്ച സ്റ്റാൻ്റ്, ഗതാഗതകുരുക്ക് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന പരാതി വ്യാപകമായിരുന്നു. അനുമതി 3 ഓട്ടോറിക്ഷകൾക്കാണെങ്കിലും നിരവധി ഓട്ടോറിക്ഷകൾ റോഡിൽ കൊണ്ടിടുന്നത് കാൽനടയാത്രയ്ക്കും ഗതാഗതത്തിനും തടസ്സമുണ്ടാക്കിയിരുന്നു. പ്രത്യേകിച്ച്, റെയിൽവെ ഗേറ്റ് അടച്ചു തുറക്കുമ്പോഴുണ്ടാകുന്ന തിരക്കിനിടയിൽ, ഗുഡ്സ് ഓട്ടോ സ്റ്റാൻ്റിനൊപ്പം ഓട്ടോ പാർക്കിങ്ങ് സ്റ്റാൻ്റുകൂടി വന്നതോടെ ഇതുവഴിയുള്ള യാത്ര ദുരിതമായി.
ഏതു സമയത്തും ഗതാഗതകുരുക്കും, ഇക്കാരണത്താലുള്ള വാക്തർക്കവും പതിവായി. ഇതു സംബന്ധിച്ച് നിരവധി പരാതികൾ പലരും ഉത്തരവാദപ്പെട്ടവർക്ക് നൽകിയെങ്കിലും ഒന്നിനും പരിഹാരവുമുണ്ടായില്ല. ഇപ്പോൾ, ബീച്ച് റോഡ് സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി കൂടിയാണ് നഗരസഭയുടെ തീരുമാനമുണ്ടായത്.
ഓട്ടോ, ഗുഡ്സ് ഓട്ടോ, വ്യാപാരി സംഘടന പോലീസ്, എ എം വി ഐ, നഗരസഭാധ്യക്ഷൻ, സ്ഥിരം സമിതി അധ്യക്ഷൻമാർ എന്നിവരടങ്ങിയ പയ്യോളി നഗരസഭ ട്രാഫിക് റെഗുലേറ്ററി സമിതിയുടേതാണ് ഈ ധീരമായ തീരുമാനം.
Discussion about this post