തിരുവനന്തപുരം: തൊഴിലുറപ്പ് യോഗം നടത്തുന്നതിനായി വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്നും കഞ്ഞിപ്പുരയിലേക്ക് മാറ്റി. നാട്ടുകാര്‍ ഇടപെട്ടതോടെ സ്ഥലത്തെത്തി യോഗം തടഞ്ഞ് എ ഇ ഒ. തിരുവനന്തപുരം തത്തിയൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ 2, 3 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെയാണ് ക്ലാസില്‍ നിന്ന് കഞ്ഞിപ്പുരയിലേക്ക് മാറ്റിയത്.
ചൂട് താങ്ങാനാവാതെ കുട്ടികള്‍ നിലവിളിച്ചതോടെ പ്രശ്‌നം നാട്ടുകാര്‍ വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസില്‍ അറിയിക്കുകയായിരുന്നു. ഉടനെ തന്നെ എ ഇ ഒ സ്‌കൂളിലെത്തി യോഗം തടഞ്ഞു. പഞ്ചായത്തിലെ തൊഴിലുറപ്പ് സോഷ്യല്‍ ഓഡിറ്റ് യോഗം നടത്തുന്നതിനായാണ് വിദ്യാര്‍ത്ഥികളെ കഞ്ഞിപ്പുരയിലേക്ക് മാറ്റിയത്. ഒരു മാസത്തിനിടെ മൂന്നാമത്തെ യോഗമാണ് സ്‌കൂളില്‍ നടക്കുന്നത്. യോഗം നടത്തുമ്പോഴെല്ലാം വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്ന് മാറ്റുന്നതും പതിവായിരുന്നു.
എന്നാൽ പഞ്ചായത്തിന് കീഴിലാണ് ഈ സ്‌കൂള്‍ ഉളളത്. പഞ്ചായത്തിന്റെ നിര്‍ദേശം അനുസരിക്കുക മാത്രമാണ് സ്‌കൂള്‍ അധികൃതര്‍ ചെയ്തത് എന്നാണ് അധ്യാപകരുടെ വിശദീകരണം. ഒരുമാസത്തിനിടെ ഇത്തരത്തില്‍ മൂന്നാമത്തെ യോഗമാണ് ചേരുന്നതെന്നാണ് രക്ഷിതാക്കള്‍ ആരോപിച്ചു.
Discussion about this post