തിരുവനന്തപുരം: കോണ്ഗ്രസ് പുനഃസംഘടനയിൽ ഉറച്ചു വിട്ടുവീഴ്ചാ ചർച്ചകളുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പുനഃസംഘടനാ പട്ടികയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസമായി ഉരുണ്ടുകൂടിയ പ്രശ്നങ്ങൾ പറഞ്ഞ് അവസാനിപ്പിക്കുന്നതിനായി കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്നു ചർച്ച നടത്തിയേക്കും. ഇരുവരും ഇന്നു തിരുവനന്തപുരത്ത് ഒരുമിക്കുന്ന സാഹചര്യത്തിലാണ് ചർച്ചകൾക്ക് കളമൊരുങ്ങിയത്.
കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു. പട്ടികയിൽ ചില പേരുകൾകൂടി ഉൾപ്പെടുത്തണമെന്ന നിലപാടാണ് സതീശൻ സ്വീകരിച്ചതെന്നാണു സൂചന. ഇക്കാര്യം നേരിട്ടുള്ള ചർച്ചയിലൂടെ പരിഗണിക്കാമെന്നാണു സുധാകരനും അഭിപ്രായപ്പെട്ടത്.
ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും നിലവിൽ തയാറാക്കിയ പട്ടികയിൽ എ, ഐ ഗ്രൂപ്പുകൾക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചതിനാലാണ് പുനഃസംഘടനയെ ശക്തമായി എതിർക്കാൻ ഗ്രൂപ്പ് നേതൃത്വങ്ങൾ പരസ്യമായി രംഗത്തു വരാത്തത്. കെ സി വേണുഗോപാലിന്റെ പട്ടികയാണ് സതീശൻ വഴി കെപിസിസി പ്രസിഡന്റിനുമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതെന്നാണു ഗ്രൂപ്പ് നേതൃത്വങ്ങൾ ആരോപിക്കുന്നത്.
Discussion about this post