തിരുവനന്തപുരം: കേരളത്തിലെ കർഷകരെ ലോകനിലവാരത്തിലേക്ക് എത്തിക്കുന്നതിനുള്ള വമ്പൻ പദ്ധതികളാണ് ധനമന്ത്രി തന്റെ ആദ്യത്തെ സമ്പൂർണ ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കർഷകർക്ക് വിദേശത്തുപോയി അവിടത്തെ നൂതന കൃഷി രീതികൾ മനസിലാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കും എന്നാണ് മന്ത്രി പറഞ്ഞത്.
പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃഷി ലാഭകരമായി ചെയ്യുന്ന ഇന്ത്യയിലും വിദേശത്തുമുള്ള കൃഷിയിടങ്ങൾ സന്ദർശിക്കാനാണ് അവസരമൊരുക്കുക. വിവിധ നാടുകളിലെ വിജയകരമായ കൃഷി രീതികൾ ഇവിടെ പ്രാവർത്തികമാക്കുന്നതിലൂടെ നമ്മുടെ വിളവും വരുമാനവും പതിന്മടങ്ങ് ഉയർത്താനാവും. ഈ പദ്ധതിക്കായി രണ്ടുകോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിനൊപ്പം വിയറ്റ്നാം, മലേഷ്യ, തായ്‌ലൻഡ്, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിലെ ചെറു കാർഷിക ഉപകരണങ്ങൾ നമ്മുടെ നാട്ടിൽ ഉപയോഗിക്കാനുള്ള സാദ്ധ്യതയും പരിശോധിക്കും.
കൃഷിയിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാനും, ചെറിയ ട്രാക്ടറുകളും ട്രില്ലറുകളും നിർമ്മിച്ച് വിപണിയിലെത്തിക്കുന്ന സ്ഥാപനമായ കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡിന് ആധുനിക സാങ്കേതിക വിദ്യകൾ കരസ്ഥമാക്കുന്നതിനും ആധുനിക യന്ത്രോപകരണങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യുന്നതിനും അഞ്ചുകോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
കാര്‍ഷിക ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങാനായി സ്വയം തൊഴിൽ കാർഷിക ഗ്രൂപ്പുകൾക്ക് കാര്യമായ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രൂപ്പുകള്‍ക്ക് ഉദാരമായ വ്യവസ്ഥയിൽ 50 ലക്ഷം രൂപവരെ വായ്പയായി ലഭ്യമാക്കും. ഇതിൽ 25 ശതമാനമോ 10 ലക്ഷം രൂപയോ ഏതാണോ കുറവ് അത് സബ്സിഡിയായി നൽകാനും കഴിയുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഇതിനായി ഇരുപതുകോടി രൂപയാണ് മാറ്റിവയ്ക്കുന്നത്.
Discussion about this post