തിരുവനന്തപുരം: യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി മാതൃസഹോദരൻ വെട്ടി പരിക്കേൽപ്പിച്ചു. വർക്കല ചെമ്മരുതിയിൽ ചാവടിമുക്കു സ്വദേശിനി ഷാലു (37) വിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും വെട്ടേറ്റ ഷാലുവിനെ അതീവ ഗുരുതരാവസ്ഥയിൽ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഷാലുവിന്റെ മാതൃസഹോദരനായ അനിൽ (ഇഞ്ചി അനിൽ) ആണ് ആക്രമിച്ചത്. അയിരൂരിലെ സ്വകാര്യ പ്രസ്സിൽ ജോലി ചെയ്യുന്ന ഷാലു, വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെത്തി ഭക്ഷണം കഴിച്ചു മടങ്ങവേയാണ് അനിൽ തടഞ്ഞുനിർത്തി വെട്ടിയത്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കമാണ് ആക്രമണത്തിലേക്കു നയിച്ചതെന്നാണ് വിവരം.
ആക്രമണശേഷം അനിൽ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഷാലുവിനെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുക്കളെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ബന്ധുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അനിലിനെ കീഴടക്കുകയും ഷാലുവിനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

Discussion about this post