തൃശൂർ: വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. തൃശൂരിലെ സ്കൂൾ ഓഫ് ഡ്രാമ ഡീൻ സുനിൽ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. കാലിക്കറ്റ് സർവകലാശാല വിസിയുടേതാണ് നടപടി.
വിദ്യാർത്ഥികൾ ദിവസങ്ങളായി നടത്തിവന്ന ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഇയാൾക്കെതിരെ സർവകലാശാല നടപടിയെടുത്തത്. അധ്യാപകനെതിരെ നടപടി സ്വീകരിക്കുന്നതുവരെ പഠിപ്പുമുടക്കിക്കൊണ്ടുള്ള സമരം തുടരുമെന്നായിരുന്നു വിദ്യാർഥികളുടെ നിലപാട്. പീഡനത്തിന് ഇരയായ വിദ്യാർഥിനിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തെങ്കിലും അധ്യാപകനെ അറസ്റ്റ് ചെയ്തിട്ടില്ല. ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് സുനിൽ കുമാറിനെതിരെ പീഡന പരാതി ഉന്നയിച്ചിരിക്കുന്നത്.
ഓറിയന്റേഷൻ ക്ലാസിനിടെ പരാതിക്കാരിയായ വിദ്യാർഥിനിയെ താത്കാലിക അധ്യാപകനായ രാജ വാര്യർ ശാരീരികമായി ഉപദ്രവിച്ചിരുന്നു. തുടർന്ന് ഗ്രീവൻസ് സെല്ലിൽ പെൺകുട്ടി പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിക്ക് പിന്തുണയുമായി സുനിൽ കുമാർ എത്തി.
ആദ്യം സൗമ്യമായി സംസാരിച്ചിരുന്ന ഇയാൾ രാത്രികാലങ്ങളിൽ മദ്യപിച്ച് ലൈംഗിക ചുവയോടെ വിളിച്ച് സംസാരിച്ചുവെന്ന് വിദ്യാർഥിനി പറയുന്നു. പെൺകുട്ടിയോട് കടുത്ത പ്രണയമാണെന്ന് ഇയാൾ പറയുകയും ചെയ്തു.
തുടർന്ന് ഇയാൾ പെൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചു. മാനസിക സമ്മർദ്ദം സഹിക്കാനാവാതെ ഫെബ്രുവരി 13ന് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചു. ഇതോടെയാണ് അധ്യാപകനെതിരെ നടപടിയുണ്ടാകും വരെ സമരം നടത്താൻ വിദ്യാർഥികൾ തീരുമാനിച്ചത്.
Discussion about this post