തൃശൂർ: മാര്‍ച്ച് 31ന് ഉള്ളില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല ബസ് സമരമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെറഡറേഷന്‍ സംസ്ഥാന യോഗം തീരുമാനിച്ചു. മറ്റ് ബസുടമ സംഘടനകളുമായി കൂടിയാലോചിച്ച് സമര തിയ്യതി പ്രഖ്യാപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ബസ് നിരക്ക് വർധനവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാതെയും, ബജറ്റിൽ പരാമർശം പോലുമില്ലാത്ത വിധത്തിൽ അവഗണിക്കപ്പെട്ട സാഹചര്യത്തിലുമാണ് സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല സമര തീരുമാനം. ബസ് വ്യവസായത്തെ മുന്നോട്ട് കൊണ്ടു പോകാൻ സർക്കാരിൻറെ സഹായം വേണം. നാല് മാസമായി വിദ്യാർഥികളുടെ നിരക്ക് വർധന ആവശ്യപ്പെടുന്നു. സാമ്പത്തീകമായി തകർന്ന നിലയിലാണ് വ്യവസായം. എന്നിട്ടും സർക്കാർ പരിഗണിക്കുന്നില്ല.
മിനിമം ചാർജ് 12 രൂപയും വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയുമാക്കണമെന്ന് ഉടമകൾ ആവശ്യപ്പെട്ടു. ബസ് നിരക്ക് വർധിപ്പിക്കണമെന്ന് സർക്കാർ നിയോഗിച്ച കമ്മീഷൻ ശുപാർശ ചെയ്യുകയും അനിവാര്യമാണെന്ന് സർക്കാർ തന്നെ കണ്ടെത്തിയിട്ടും നിരവധി തവണ ഉടൻ പരിഗണിക്കുമെന്ന് പറഞ്ഞ് കബളിപ്പിക്കുകയും ചെയ്യുകയാണ്. മിനിമം നിരക്ക് പത്ത് രൂപയായും വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.
സാധാരണ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ യാത്രാ സൗകര്യം ഏർപ്പെടുത്തുകയും സർക്കാരിന് നയാ പൈസയുടെ മുതൽമുടക്കില്ലാതെ പതിനായിരക്കണക്കിന് ബസ് തൊഴിലാളികൾക്ക് തൊഴിൽ നൽകുകയും ആയിരക്കണക്കിന് കോടി രൂപ സർക്കാരിന് മുൻകൂർ നികുതി നൽകുകയും ചെയ്യുന്ന പൊതുഗതാഗത മേഖലയിൽ സ്റ്റേജ് കാര്യേജ് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ റോഡ് ടാക്സിലും സ്റ്റേജ് കാര്യേജ് ബസുകൾക്ക് ഉപയോഗിക്കുന്ന ഡീസലിൻറെ വിൽപന നികുതിയിലും ഇളവ് അനുവദിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ബജറ്റ് ഇത് പൂർണമായും അവഗണിച്ചു.
അയ്യായിരത്തിൽ താഴെ മാത്രം ബസുകൾ ഉള്ള കെ.എസ്.ആർ.ടി.സിക്ക് വേണ്ടി 1000 കോടി രൂപ വകയിരുത്തിയ ബഡ്ജറ്റിൽ പന്ത്രണ്ടായിരധത്തിലധികം ബസുകൾ സർവീസ് നടത്തുന്ന സ്വകാര്യ ബസ് മേഖലയെ സംബന്ധിച്ച് ഒരു പരാമർശം പോലും ഇല്ലാത്തതും ബഡ്ജറ്റിൽ ഡീസൽ വാഹനങ്ങളുടെ ഹരിത നികുതിയിൽ 50 ശതമാനം വർധനവ് വരുത്തുന്നതും പ്രതിഷേധാർഹമാണെന്ന് ബസുടമകൾ കുറ്റപ്പെടുത്തുന്നു. മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിൻറെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി വേണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ സമരം ഉൾപ്പെടെ കടുത്ത നടപടികളിലേക്ക് പോകുന്നതിനെ കുറിച്ച് യോഗം ചർച്ച ചെയ്യും.
നിരന്തരമായി അവഗണിക്കുകയും സഹായ പദ്ധതികൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കടുത്ത തീരുമാനത്തിലേക്ക് കടക്കാൻ നിർബന്ധിതമായതെന്ന് ബസുടമകൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഫെഡറേഷൻ ജനറൽ സെക്രട്ടറി ലോറൻസ് ബാബു, ട്രഷറർ ഹംസ എരിക്കുന്നൻ, വൈസ് പ്രസിഡണ്ടുമാരായ സി.മനോജ്കുമാർ, കെ.കെ.തോമസ്, ടി.ജെ.ജോസഫ്, ജോ.സെക്രട്ടറിമാരായ പി.ചന്ദ്രബാബു, രാജ്കുമാർ കരുവാരത്ത്, കെ.സത്യൻ, എം.തുളസീദാസ്, എസ്. സാബു എന്നിവർ പങ്കെടുത്തു.
Discussion about this post