ന്യൂഡൽഹി: ഏപ്രില്‍ മുതല്‍ വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇൻഷ്വറന്‍സ് പ്രീമിയം വര്‍ധിക്കും. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് പ്രീമയത്തില്‍ വര്‍ധനവുണ്ടാകുന്നത്. ഗതാഗത മന്ത്രാലയവുമായി ചര്‍ച്ചചെയ്ത് ഇൻഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അഥോറിറ്റി ഇതുസംബന്ധിച്ച് കരട് വിജ്ഞാപനം പുറത്തിറക്കി. പുതിയ നിരക്കനുസരിച്ച് 1000 സിസിയുള്ള സ്വകാര്യ കാറുകള്‍ക്ക് തേഡ് പാര്‍ട്ടി പ്രീമിയം 2,094 രൂപയാകും. 1,500 സിസിവരെയുള്ള സ്വകാര്യ കാറുകള്‍ക്ക് 3,416 രൂപയും അതിനുമുകളിലുള്ളവയ്ക്ക് നിരക്ക് 7,897 രൂപയുമാകും. 150 സിസിക്ക് മുകളിലുള്ളതും 350 സിസിയില്‍ കൂടാത്തതുമായ ഇരുചക്ര വാഹനങ്ങള്‍ക്ക് 1,366 രൂപയും 350 സിസിക്ക് മുകളിലുള്ളവയ്ക്ക് 2,804 രൂപയുമായാണ് പ്രീമിയം വര്‍ധിക്കുക. വാണിജ്യ വാഹനങ്ങള്‍ക്ക് 16,049 രൂപ മുതല്‍ 44,242 രൂപവരെയുമാണ് ഈടാക്കുക.
സ്വകാര്യ വൈദ്യുതി കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയ്ക്ക് പ്രീമിയത്തില്‍ 15ശതമാനം കിഴിവിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതുപ്രകാരം കിലോവാട്ട് ശേഷിയനുസരിച്ച് സ്വകാര്യ കാറുകള്‍ക്ക് 1,780 രൂപ മുതല്‍ 6,712 രൂപയായിരിക്കും പ്രീമിയം നിരക്ക്. ഇരുചക്ര വാഹനങ്ങളുടേതാകട്ടെ 457 രൂപ മുതല്‍ 2,383 രൂപവരെയുമാകും ഈടാക്കുക. കൊവിഡിനെതുടര്‍ന്ന് ഏറെക്കാലം അടച്ചിട്ടതിനാല്‍ മോട്ടോര്‍ വാഹന വിഭാഗത്തിലെ ക്ലെയിമില്‍ കാര്യമായ ഇടിവുണ്ടായിരുന്നു. അതേസമയം, ആരോഗ്യ ഇൻഷ്വറന്‍സ് ക്ലെമിയുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനവുമുണ്ടായി. രണ്ടുവര്‍ഷം നിരക്കുയര്‍ത്താതിരുന്നതിനാല്‍ ഇത്തവണ പ്രീമിയത്തില്‍ വര്‍ധനവുണ്ടാകുമെന്ന് ഇൻഷ്വറന്‍സ് കമ്പനികള്‍ പ്രതീക്ഷിച്ചിരുന്നു.
Discussion about this post