ന്യൂഡൽഹി: വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. ഇത് പ്രാബല്യത്തില്‍ വരുന്ന ജൂണ്‍ ഒന്നുമുതല്‍ വാഹനം വാങ്ങുന്നവരുടെ ചെലവ് ഉയരും. കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും പ്രീമയത്തിൽ കാര്യമായ വർദ്ധനയാണ് ഉണ്ടാവുന്നത്. കൊവിഡിനെ തുടർന്ന് രണ്ട് വർഷമായി ഇൻഷ്വറൻസ് പ്രീമിയം വർദ്ധിപ്പിച്ചിട്ടില്ല. 2019-20 വർഷത്തിലാണ് അവസാനമായി പ്രീമിയം പുതുക്കി നിശ്ചയിച്ചത്. അടുത്തമാസം ഒന്നുമുതലാണ് വർദ്ധനവ് നിലവിൽ വരിക.
1,000 സിസി എഞ്ചിൻ ശേഷിയുള്ള സ്വകാര്യ കാറുകൾക്ക് 2,094 രൂപയായിരിക്കും പ്രീമിയം. 2019-20 ൽ ഇത് 2,072 രൂപയായിരുന്നു. 1,000 സിസിക്കും 1,500 സിസിക്കും ഇടയിലുളള കാറുകൾക്ക് പ്രീമിയം 3,416 രൂപയാകും. 3,221 രൂപയായിരുന്നു നിലവിലെ നിരക്ക്.
ഇരുചക്രവാഹനങ്ങളുടെ പ്രീമിയത്തിൽ കാര്യമായ വർദ്ധനയുണ്ട്. 150 സിസിക്ക് മുകളിലുള്ളതും എന്നാൽ 350 സിസിയിൽ കൂടാത്തതുമായ ഇരുചക്ര വാഹനങ്ങൾക്ക് 1,366 രൂപയും 350 സിസിക്ക് മുകളിലുള്ളവയ്ക്ക് 2,804 രൂപയുമാണ് പ്രീമിയം. വാണിജ്യ വാഹനങ്ങൾക്കും കാര്യമായ വർദ്ധനയുണ്ട്. 40,000 കിലോഗ്രാമിൽ കൂടുതലുള്ള വാണിജ്യ വാഹനങ്ങളുടെ പ്രീമിയം 2019-20ലെ 41,561 രൂപയിൽ നിന്ന് 44,242 രൂപയായി ഉയരും. 20,000 കിലോഗ്രാമിൽ കൂടുതലുള്ളവയുടെ പ്രീമിയം 2019-20ലെ 33,414 രൂപയിൽ നിന്ന് 35,313 രൂപയായി ഉയരും.
റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ വിജ്ഞാപനമനുസരിച്ച്, ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രീമിയത്തിൽ 7.5% കിഴിവ് അനുവദിക്കും. 30 കിലോവാട്ടിൽ കൂടാത്ത ഇലക്ട്രിക് സ്വകാര്യ കാറുകൾക്ക് 1,780 രൂപയാണ് പ്രീമിയം. അതേസമയം, 30 കിലോവാട്ടിൽ കൂടുതലുള്ളതും എന്നാൽ 65 കിലോവാട്ട് അല്ലാത്തവയുമായ കാറുകൾക്ക് 2,904 രൂപയുമായിരിക്കും പ്രീമിയം. വിജ്ഞാപനമനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾക്ക് 15% കിഴിവ് നൽകിയിട്ടുണ്ട്.
വാഹനാപകടത്തില്‍പ്പെടുന്ന മൂന്നാമത്തെയാളുടെ പരിരക്ഷ ഉറപ്പാക്കാനാണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയത്.
Discussion about this post