തിക്കോടി: ദേശീയ പാത നിർമാണവുമായി ബന്ധപ്പെട്ട് തിക്കോടി പഞ്ചായത്ത് ബസാറിൽ രൂപപ്പെട്ട വെള്ളക്കെട്ടിന് പരിഹാരം ആവശ്യപ്പെട്ട് കരാർ കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദിൻ്റെ നേത്യത്വത്തിൽ ഭരണസമിതി അംഗങ്ങളാണ് വാഹനങ്ങൾ തടഞ്ഞത്.
തിക്കോടി പഞ്ചായത്ത് ബസാറിൽ ഇന്ന് വൈകുന്നേരം 5 മണിക്കാണ് സംഭവം. ഇതുവഴിയെത്തിയ 5 ലോറികളാണ് തടഞ്ഞിട്ടത്. വെള്ളം റോഡിന് കിഴക്ക് ഭാഗത്തേക്ക് ഒഴുകി പോകാൻ നേരത്തേ ഉണ്ടായിരുന്ന ഓവുചാൽ ദേശീയപാത നിർമാണത്തിൻ്റെ ഭാഗമായി ഇല്ലാതായതാണു പഞ്ചായത്ത് ബസാറിലെ വെള്ളക്കെട്ടിന് കാരണമെന്ന് പറയുന്നു. ഇതിനു പരിഹാരം കാണണം എന്നാവശ്യപ്പെട്ടാണു കരാർ കമ്പനിയായ വാഗഡിൻ്റെ ലോറികൾ തടഞ്ഞത്. വിവരമറിഞ്ഞ് സ്‌ഥലത്തെത്തിയ കരാർ കമ്പനി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ വെള്ളക്കെട്ടിന് താത്കാലിക പരിഹാരമായി വെള്ളം കെട്ടി നിൽക്കുന്ന സ്‌ഥലത്ത് മണ്ണിട്ട് ഉയർത്താൻ കരാർ കമ്പനി തയാറായതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.
വൈസ് പ്രസിഡൻ്റ് കുയ്യണ്ടി രാമചന്ദ്രൻ, സ്‌ഥിരം സമിതി അധ്യക്ഷരായ ആർ. വിശ്വൻ, കെ.പി. ഷക്കീല, അംഗങ്ങളായ സുവീഷ് പള്ളിത്താഴ, ജിഷ കാട്ടിൽ, എം.കെ. സിനിജ, എം. ദിപിഷ, ബിബിത ബൈജു, ഷീബ പുൽപ്പാണ്ടി എന്നിവർ നേതൃത്വം നൽകി.
Discussion about this post