തിക്കോടി : കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ച് വികസനം സ്വകാര്യ ടൂറിസം ഗ്രൂപ്പിന് വേണ്ടി അട്ടിമറിക്കുന്നതായി ആക്ഷേപം. ഡ്രൈവ് ഇൻ ബീച്ച് വികസനത്തിനായി ഉപയോഗിക്കേണ്ട 93 ലക്ഷം രൂപയുടെ പദ്ധതിയാണ് സ്വകാര്യ ഗ്രൂപ്പിന് വേണ്ടി അട്ടിമറിക്കപ്പെടുന്നത്. സംഭവം നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിനോദ സഞ്ചാര വകുപ്പ് ബീച്ചിന്റെ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് 93 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. ഈ
ഫണ്ട് കല്ലകത്ത് ബീച്ചിൽ നിന്നും 500 മീറ്റർ അകലെയുള്ള തീരത്ത് ഉപയോഗപ്പെടുത്തുന്നതി ന്നെതിരെയാണ് പ്രതിഷേധമുയരുന്നത്. പ്രവൃത്തി ആരംഭിക്കുന്നതിന് വേണ്ടി തിരഞ്ഞെടുത്ത സ്ഥലത്തിനോട് ചേർന്ന് 16.5 ഏക്കർ വിശാലമായ ഭൂമി ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൂറിസം ഗ്രൂപ്പിന്റേതാണെന്നും ഇവരെ സഹായിക്കുന്നതിന് വേണ്ടിയാണ് പദ്ധതി അട്ടിമറിക്കപ്പെട്ടതെന്നുമാണ് പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് തന്നെ
പ്രദേശത്തെ പാവപ്പെട്ട കുടുംബങ്ങളെ കബളിപ്പിച്ചാണ് വീടും സ്ഥലവും കമ്പനി കൈക്കലാക്കിയതത്രെ. ഇതിനെതിരെ പ്രദേശത്ത് പ്രതിഷേധം ഉയർന്നിരുന്നു. തുഛമായ സംഖ്യ പ്രതിഫലം നൽകിയാണ് സ്ഥലം കമ്പനി സ്വന്തമാക്കിയതെന്ന് അന്ന് തന്നെ ആക്ഷേപമുണ്ടായിരുന്നു. ഇതേ തുടർന്ന് പ്രദേശത്ത് പ്രതിഷേധമുയർന്നിരുന്നു. നവബർ 26 ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്യുന്ന
പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടി പഞ്ചായത്ത് ഓഫീസിൽ വിളിച്ച് ചേർത്ത സ്വാഗത സംഘം യോഗത്തിൽ ബഹളവും ശക്തമായ വാക്തർക്കവും ഉണ്ടായതായി അറിയുന്നു. കല്ലകത്ത് ബീച്ചിൽ നടപ്പിലാക്കേണ്ട പദ്ധതി സന്ദർശകർക്ക് പ്രയോജനമില്ലാത്ത ഭാഗത്തേക്ക് മാറ്റുന്നതിന്നെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.
Discussion about this post