തിക്കോടി: സുനാമി പുനരധിവാസ കോട്ടേഴ്സ് ഒഴിപ്പിക്കാനുള്ള അധികൃതരുടെ ശ്രമം താമസക്കാരുടെ പ്രതിഷേധം കാരണം പാളി. നാടകീയ രംഗങ്ങൾക്കൊടുവിൽ പോലീസടക്കമുള്ള ഉദ്യോഗസ്ഥർക്ക് തിരിച്ചു പോകേണ്ടി വന്നു. താമസ സ്ഥലത്തു നിന്നും ഒഴിപ്പിക്കുകയാണെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയും സ്ത്രീകളടക്കമുള്ളവരിൽ നിന്നുമുണ്ടായി. ഇതോടെ താത്കാലികമായി ശ്രമമുപേക്ഷിച്ച് ഉദ്യോഗസ്ഥർ പിൻവാങ്ങി.
ഉദ്യോഗസ്ഥരും താമസക്കാരും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇതിനിടെ ഒരാൾ റോഡിൽ കിടന്ന് പ്രതിഷേധിച്ചു. ഇന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു പഞ്ചായത്ത്, റവന്യു ഉദ്യോഗസ്ഥരും പയ്യോളി പോലീസിൻ്റെ സഹായത്തോടെ സുനാമി കോട്ടേഴ്സ് ഒഴിപ്പിക്കാനായെത്തിയത്.
2007 ലാണ് 20 കുടുംബങ്ങൾക്ക് പുനരധിവാസമൊരുക്കി കോട്ടേഴ്സ്, അന്നത്തെ മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തത്. കടലിൻ്റെ 200 മീറ്റർ ചുറ്റളവിനുള്ളിൽ താമസിക്കുന്ന സ്വന്തമായി വീടുകളുള്ള 20 കുടുംബങ്ങളെ കണ്ടെത്തി നിർബന്ധിച്ചാണ് കോട്ടേഴ്സിൽ എത്തിച്ചത്.
ഇവർക്ക് 2010 മെയ് 18നാണ് വീടുകളുടെ താക്കോൽ കൈമാറിയത്. ഇവരിൽ 14 പേർക്ക് നേരത്തേ പട്ടയം ലഭിച്ചിട്ടുണ്ട്. ഇനിയും പട്ടയം ലഭിക്കാനുള്ള ആറു പേരെ ഒഴിപ്പിക്കാനാണ് അധികാരികളെത്തിയത്. ഇവരെയാണ് താമസക്കാർ സംഘടിതരായി തടഞ്ഞത്.
വീടുണ്ടായിട്ടും നിർബന്ധിച്ച് വിളിച്ചു കൊണ്ടുവന്ന്, 12 വർഷത്തോളം താമസിപ്പിച്ചിട്ട് പെട്ടെന്നൊരു ദിവസം ഒഴിയാൻ പറഞ്ഞാൽ അതംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടന്നാണ് താമസക്കാരിലൊരാൾ പയ്യോളി വാർത്തകളോട് പ്രതികരിച്ചത്.
കോട്ടേഴ്സിൽ നിന്നും ഒഴിയാൻ കഴിയില്ലെന്നും ബലമായി ഒഴിപ്പിക്കാൻ ശ്രമിച്ചാൽ ആത്മഹത്യയല്ലാതെ മാർഗമില്ലെന്നും മറ്റൊരു താമസക്കാരി പറയുന്നു.
അതേസമയം, വില്ലേജധികൃതരുടെ അന്വേഷണ റിപ്പോർട്ടനുസരിച്ച് അനർഹരായ കുടുംബങ്ങളെ ഒഴിപ്പിക്കാനാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതെന്ന് തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് പറഞ്ഞു. നിലവിൽ പട്ടയം ലഭിക്കാത്ത ആറു പേരിൽ അനർഹരായ രണ്ടു പേരെ മാത്രമാണ് ഒഴിപ്പിക്കുന്നത്. ഇവർക്ക്, അന്വേഷണ റിപ്പോർട്ടിൽ വീടും സ്ഥലവും ഉള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ഇവരെ ഒഴിപ്പിക്കുന്നത്. ഈ ഒഴിവുവരുന്ന വീടുകളിലേക്ക് നിലവിൽ രണ്ട് അപേക്ഷകരുണ്ടന്നും അവർക്ക് വേണ്ടിയാണ് അനർഹരായവരെ ഒഴിപ്പിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
പഞ്ചായത്തു പ്രസിഡണ്ടിൻ്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് ഭരണ സമിതിയുടെ രാഷ്ട്രീയക്കളിയുടെ ഭാഗമാണിതെന്നും നിലവിലുള്ള താമസക്കാരെ ഒഴിപ്പിച്ച് സ്വന്തം പാർട്ടിക്കാരെ തിരുകിക്കയറ്റാനുള്ള ഹീനമായ താത്പര്യമാണ് ഒഴിപ്പിക്കാനുള്ള ശ്രമത്തിന് പിന്നിലെന്നും മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി വി റംല കുറ്റപ്പെടുത്തി. താമസക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം തടയുമെന്നും അവർ പറഞ്ഞു.
Discussion about this post