പയ്യോളി: ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ വീട്ടിൽ കയറി മോഷണം നടത്താൻ ശ്രമിച്ച രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൈനാട്ടി മുട്ടുങ്ങൽ വെസ്റ്റിൽ വരയ്ക്കു താഴ വീട്ടിൽ വി ടി അഫീൽ (31), വടകര താഴെ അങ്ങാടി കരകെട്ടിൻ്റവിട ഫായിസ് (18) എന്നിവരാണ് പോലീസ് പിടിയിലായത്.


സംഭവസ്ഥലത്തെ തെളിവെടുപ്പിന് ശേഷം ഇന്ന് വൈകീട്ട് പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

തിക്കോടി കല്ലകത്ത് ബീച്ചിനടുത്ത് തെക്കെ പൂവഞ്ചാലിൽ എഴുപതുകാരിയായ സഫിയയുടെ വീട്ടിലാണ് ശനിയാഴ്ച രാവിലെ മോഷണശ്രമമുണ്ടായത്. രാവിലെ എട്ടു മണിക്ക് അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. അടുക്കള വാതിൽ തുറന്നെത്തിയ മോഷ്ടാവ് സഫിയയുടെ കഴുത്തിലുണ്ടായിരുന്ന അഞ്ച് പവൻ്റെ സ്വർണ മാല പൊട്ടിച്ചെടുത്ത് ഓടുകയായിരുന്നു.

പിടിവലിക്കിടെ മാല താഴെ വീണെങ്കിലും ഇയാൾ പുറത്ത് കാത്തുനിന്ന ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. പോകുന്ന വഴിയിൽ ബൈക്ക് റോഡിലെ ഹമ്പിൽ കയറിയിറങ്ങിയതോടെ ഇവരിലൊരാളുടെ ഫോൺ തെറിച്ചുവീണു.

ഇതു വഴി പോയ ഓട്ടോ ഡ്രൈവർക്ക് ലഭിച്ച ഫോൺ പോലീസിനെ ഏൽപിക്കുകയും ഇതുവഴി നടത്തിയ അന്വേഷണം പെട്ടെന്ന് തന്നെ മോഷ്ടാക്കളിലേക്കെത്തിക്കുകയും ചെയ്യുകയായിരുന്നു. മാലപറിച്ചോടുന്നതിനിടയിൽ, പെട്രോൾ തീർന്ന് നിന്നു പോയ ബൈക്ക് പാതി വഴിയിൽ തിക്കോടിയിലുപേക്ഷിക്കുകയും ട്രെയിനിൽ രക്ഷപ്പെടുകയുമായിരുന്നു പ്രതികൾ.

ഒന്നാം പ്രതി അഫീലിനെ വടകര സ്റ്റാൻ്റിനടുത്തു വെച്ചും രണ്ടാം പ്രതി ഫായിസിനെ ഇയാളുടെ വീട്ടിൽ വെച്ചുമാണ് പോലീസ് പിടികൂടിയത്. പയ്യോളി പോലീസ് എസ് ഐ ശ്രീജേഷിൻ്റെ നേതൃത്വത്തിൽ സി പി ഒ മാരായ ജിജോ, എൻ എം സുനിൽ എന്നിവരsങ്ങിയ പോലീസ് സംഘമാണ് ശനിയാഴ്ച രാത്രിയോടെ പ്രതികളെ പിടികൂടിയത്.

Discussion about this post