പയ്യോളി: “ഞെക്കുമ്പോൾ കത്തുന്ന ടോർച്ച് കണ്ടിട്ടില്ലേ; അതുപോലിരിക്കണം മനുഷ്യൻ. ഉള്ളിലെ കരിയും ഇരുട്ടും മൂടിവെച്ച് ചിരിക്കുക.”
-തിക്കോടിയൻ
മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരൻ പി കുഞ്ഞനന്തൻ നായരെന്ന തിക്കോടിയൻ്റെ പേരിലാവും ഇനി പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അറിയപ്പെടുക. ഗവ. പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശമനുസരിച്ച് വിദ്യാലയത്തിന് പുനർനാമകരണം ചെയ്തുകൊണ്ടുള്ള കോഴിക്കോട് വിദ്യാഭ്യാസ ഉപഡയരക്ടർ സി മനോജ് കുമാറിൻ്റെ ഉത്തരവ് പുറത്തിറങ്ങി. ഇനി മുതൽ “തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പയ്യോളി” എന്ന് അറിയപ്പെടും.
വിദ്യാലയത്തിൻ്റെ പേര് തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പയ്യോളി എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രസിഡൻ്റ് ബിജു കളത്തിൽ അധ്യക്ഷത വഹിച്ച പി ടി എ യോഗം നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് പുനർനാമകരണ നടപടി.
മലയാളസാഹിത്യത്തിലെ പ്രമുഖനായ എഴുത്തുകാരൻ തിക്കോടിയൻ എന്ന പി കുഞ്ഞനന്തൻ നായർക്ക് ജന്മനാടിൻ്റെ ആദരമാണ് പുനർനാമകരണം.
“പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ പേര് ‘തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പയ്യോളി’ എന്നാക്കി മാറ്റിയ ഉത്തരവ് വന്നതിൽ പി ടി എ പ്രസിഡൻ്റ് എന്ന നിലയിൽ അതിയായ സന്തോഷമുണ്ട്. ആറ് വർഷത്തിലധികമായി തിക്കോടിയൻ സ്മാരക സമിതിയും തിക്കോടിയിലെ സാംസ്കാരിക പ്രവർത്തകരും തിക്കോടിയിലെ പൊതു സമൂഹവും നിരന്തരം ആവശ്യപ്പെട്ടതായിരുന്നു തിക്കോടിയന്റെ സ്മരണയ്ക്ക് പേര് നൽകുന്നത് സംബന്ധിച്ച്. നിലവിൽ പയ്യോളിയുടെ പേര് നഷ്ടപ്പെടാതെ എല്ലാവരുടെയും അംഗീകാരത്തോടെ പി ടി എയ്ക്ക് ഐക്യകണ്ഡേന ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞത് പേര് മാറ്റം വേഗത്തിലാക്കി.”
ബിജു കളത്തിൽ
പ്രസിഡൻ്റ്,
പിടിഎ
തിക്കോടിയൻ
പ്രശസ്ത ഹാസ്യസാഹിത്യകാരൻ സഞ്ജയനാണ് കുഞ്ഞനന്തൻനായർക്ക് തിക്കോടിയനെന്ന പേരിട്ടത്. അമച്വർ നാടകങ്ങളിലൂടെ കടന്നുവന്നു മലയാള നാടകപ്രസ്ഥാനത്തിനു കരുത്തുറ്റ സംഭാവനകൾ നൽകിയ നാടകകൃത്താണ് തിക്കൊടിയൻ. കോഴിക്കോടിന്റെ സാംസ്കാരിക ചരിത്രത്തിലെ നാഴികക്കല്ലായ ‘ദേശപോഷിണി ഗ്രന്ഥശാലയ്ക്കുവേണ്ടി എഴുതിയ ‘ജീവിതം’ എന്ന നാടകത്തിലാണ് തുടക്കം.
പ്രൊഫഷണൽ നാടകവേദി പുതുമകൾ തേടിയതിനു തിക്കൊടിയനും ഒരു കാരണക്കാരനാണ്. ആകാശവാണിക്കുവേണ്ടി നിരവധി റേഡിയോ നാടകങ്ങൾ രചിച്ചിട്ടുണ്ട്. ശബ്ദസാധ്യതയെ മാത്രം ഉപയോഗപ്പെടുത്താനാവുന്ന റേഡിയോ നാടകങ്ങളെ ജനകീയമാക്കുന്നതിൽ തിക്കൊടിയൻ നിസ്സാരമല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്.
ഏതാനും നോവലുകളും കവിതകളും നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾ തന്നെയാണ് തിക്കോടിയന്റെ നാടകങ്ങൾ. മനുഷ്യജീവിതത്തിലെ സ്നേഹവും പകയും വിധേയത്വവും വിദ്വേഷവും തെറ്റിദ്ധാരണകളും കലഹങ്ങളും പൊരുത്തക്കേടുകളും പൊരുത്തപ്പെടലുകളുമെല്ലാം ഉള്ളിൽ തട്ടുന്നതരത്തിൽ തിക്കോടിയൻ അവതരിപ്പിച്ചിട്ടുണ്ട്.
Discussion about this post