തിക്കോടി: ദേശീയ പാതയിൽ തിക്കോടി പൂവെടിത്തറക്ക് സമീപം മൂന്ന് വാഹനങ്ങൾ അപകടത്തിൽ പെട്ടു. ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഇന്നു പുലർച്ചെ മൂന്നരയോടെയാണ് അപകടം.
രണ്ട് കണ്ടെയ്നർ ലോറികളും മാർബിൾ ലോറിയുമാണ് അപകടത്തിൽ പെട്ടത്. ഇതോടെ ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
കൊച്ചിയിൽ നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന അമുൽ മിൽക്ക് ഗുഡ് ലക്ക് കണ്ടയിനർ ലോറിയും കോഴിക്കോട് ഭാഗത്തേക്ക്, രാജസ്ഥാനിൽ നിന്ന് മാർബിൾ കയറ്റി വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. തുടർന്ന് പിന്നാലെയെത്തിയ ഗുഡ്ലക്കിൻ്റെ തന്നെ മറ്റൊരു ലോറിയും അപകടത്തിൽ പെട്ടു .
അപകടത്തിൻ്റെ ആഘാതത്തിൽ മുൻഭാഗം പൂർണമായി തകർന്ന കണ്ടയിനർ ലോറിയിൽ ഒരു മണിക്കൂറോളം ഡ്രൈവർ കുടുങ്ങിക്കിടന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ ബീഹാർ സ്വദേശിയായ ബബ്ലുവിനെ (35) നാട്ടുകാരും പോലീസും ചേർന്ന് ലോറി വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
കൊയിലാണ്ടിയിൽ നിന്ന് ഫയർ ഫോഴ്‌സും പയ്യോളിയിൽ നിന്നും എസ് ഐമാരായ പ്രകാശൻ, പി എം സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി രക്ഷ പ്രവർത്തനത്തിൽ ഏർപ്പെട്ടു.
ക്രയിൻ എത്തിച്ച് ഏറെ നേരത്തെ പ്രയത്നത്തിന് ശേഷമാണ് റോഡിൽ നിന്നും വാഹനങ്ങൾ നീക്കി ഗതാഗതം പൂർവസ്ഥിതിയിലാക്കാനായത്.
ഫയർ ആൻ്റ്റ റസ്ക്യു കൊയിലാണ്ടി ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മജീദിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ അരുൺ, ബബീഷ്, സനൽരാജ്,സിധീഷ്, സജിത്ത്, റഷീദ് എന്നിവരും ഹോംഗാർഡുമാരായ സുജിത്ത്, ഓംപ്രകാശ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Discussion about this post