കൊയിലാണ്ടി: ഭണ്ഡാരക്കള്ളൻ പള്ളി ഭണ്ഡാരം പൊളിക്കുന്നതിനിടെ നാട്ടുകാരുടെ പിടിയിലായി. മുചുകുന്ന് വടക്ക് ഭാഗത്തെ പള്ളി ഭണ്ഡാരം തകർക്കുന്നതിനിടെയാണ് മോഷ്ടാവിനെ നാട്ടുകാർ പിടികൂടിയത്.തുടർന്ന് ഇയാളെ കൊയിലാണ്ടി പോലീസിനെ ഏൽപ്പിച്ചു.
ചെരണ്ടത്തൂർ കണ്ടി മീത്തൽ നൗഷാദാണ് (42) പിടിയിലായത്. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾ തമിഴ്നാട് സ്വദേശി മുത്തുവാണെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ഭണ്ഡാരം തകർക്കുന്ന ശബ്ദം കേട്ട, പള്ളിയിൽ ഉണ്ടായിരുന്നയാൾ സമീപവാസികളെ അറിയിച്ചതിനെ തുടർന്നാണ് മോഷ്ടാവിനെ കൈയോടെ പിടികൂടാനായത്. 3000 ഓളം രൂപയും പ്രതിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവർ സഞ്ചരിച്ച ഇരുചക്ര വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. സമീപത്തുള്ള ക്ഷേത്ര ഭണ്ഡാരങ്ങളും ഇവർ തന്നെയാണ് കവർന്നതെന്ന് പറയുന്നു. വിശദമായ അന്വേഷണത്തിലേ ഇക്കാര്യം വ്യക്തമാവൂ.
കൊയിലാണ്ടി എസ് ഐ എം എൽ അനൂപ്, സി പി ഒമാരായ സുബിൻ, അജയ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൊയിലാണ്ടി ടൗണിലും ഉൾനാടുകളി ലും ചെറിയ കവർച്ചാശ്രമസംഭവ ങ്ങളും മോഷണവും വ്യാപകമാണ്. നഷ്ടം കുറവായതിനാൽ പലരും പോലീസിൽ പരാതിപ്പെടാറില്ല. പോലീസ് പെട്രോളിങ് കാര്യക്ഷമമല്ലെന്ന പാരാതി വ്യാപാരി സമൂഹമുൾപ്പെടെയുള്ളവർക്കുണ്ട്.
Discussion about this post