കോഴിക്കോട്: പൊലീസിന്റെ പിടിയിലാകുമെന്ന് ഉറപ്പായതോടെ സ്വര്‍ണാഭരണം തിരികെ കൊണ്ടിട്ട് മോഷ്ടാക്കള്‍ തടിതപ്പി. എലത്തൂരിലാണ് അടച്ചിട്ട വീട്ടില്‍നിന്ന് കവര്‍ച്ചചെയ്ത ഏഴ് പവന്‍ സ്വര്‍ണം നാലുദിവസത്തിനുശേഷം അതേവീട്ടിലെ ചെടിച്ചട്ടിയില്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍ കടന്നു.
എലത്തൂര്‍ മോയിന്‍കണ്ടി മുജീബിന്റ വീട്ടില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച നടന്ന കവര്‍ച്ചയിലെ തൊണ്ടിമുതലാണ് വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്. രാവിലെ ചെടി നനയ്ക്കുന്നതിനിടയില്‍ മുജീബിന്റെ ഭാര്യ സാഹിറയാണ് കടലാസില്‍ പൊതിഞ്ഞ നിലയിലുള്ള സ്വര്‍ണം ആദ്യം കണ്ടത്.
നഗരത്തിലെ കവര്‍ച്ചാക്കേസുകള്‍ അന്വേഷിക്കുന്ന അസിസ്റ്റന്റ് കമ്മിഷണര്‍ ബിജു രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ രണ്ടുദിവസമായി ഒട്ടേറെപേരെ ചോദ്യംചെയ്തിരുന്നു. ഇവരില്‍നിന്നെല്ലാം തെളിവുകള്‍ ശേഖരിച്ചതിന് തൊട്ടുപിന്നാലെയാണ് കളവ് സ്വര്‍ണം വീടിന്റെ ഉമ്മറത്തുള്ള ചെടിച്ചട്ടിയില്‍ ഉപേക്ഷിച്ചതായി കണ്ടെത്തിയത്.
ഗൃഹനാഥനും ഭാര്യയും ഡോക്ടറെ കാണാന്‍ പുറത്തുപോയ സമയത്തായിരുന്നു മുന്‍വശത്തെ ബഞ്ചിനുതാഴെ സൂക്ഷിച്ച താക്കോലുപയോഗിച്ച് വാതില്‍തുറന്ന് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്.
കവര്‍ച്ച നടന്നദിവസം പരാതിയുമായി സ്റ്റേഷനില്‍ എത്തിയിട്ടും എലത്തൂര്‍ പോലീസ് വീട്ടുകാരുടെ മൊഴി രേഖപ്പെടുത്താന്‍ 12 മണിക്കൂറിലധികമെടുത്തത് വിവാദമായിരുന്നു.
സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ മനോജ് എടയടത്ത്, എം. ഷാലു, മഹീഷ് കെ.പി, അബ്ദുള്‍റഹ്മാന്‍, മഹേഷ് മാധവന്‍, സുജിത്ത്, സുമേഷ് ആറോളി, ശ്രീജിത്ത് പടിയാത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Discussion about this post