തിരുവനന്തപുരം: വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് നടുറോഡില്‍ ഭാര്യയെ വെട്ടിക്കൊന്ന് യുവാവ്. കന്യാകുമാരിയിലെ തക്കലയിലാണ് സംഭവം. 31 കാരിയായ ജെബ പ്രിന്‍സ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തക്കല സ്വദേശി എബനേസറി (35)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.കൃത്യം നടത്തിയതിന് ശേഷം പ്രതി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു എന്ന് പൊലീസ് പറഞ്ഞു. ബ്യൂട്ടീഷ്യന് കോഴ്സ്
പഠിക്കാന്‍ ചേര്‍ന്നതിന് ശേഷം ഭാര്യയുടെ വസ്ത്രധാരണത്തിലുണ്ടായ മാറ്റമാണ് കൊലപാതക കാരണമായതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്കി. ഇതിനെചൊല്ലി നിരവധി തവണ ഇവര്‍ക്കിടയില്‍ വാക്കു തര്ക്കമുണ്ടായിട്ടുള്ളതായും പ്രതി പൊലീസിനോട് പറഞ്ഞു.ടെമ്പോ വാന്‍ ഡ്രൈവറാണ് എബനേസര്‍. കൊല്ലപ്പെട്ട ജെബ കഴിഞ്ഞ മൂന്നുമാസമായി തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തില്‍ ബ്യൂട്ടീഷന് കോഴ്സ്
പഠിക്കുകയായിരുന്നു. ദമ്പതിമാര്‍ക്ക് രണ്ട് മക്കളുണ്ട്. ബ്യൂട്ടീഷ്യന് കോഴ്സ് പഠിക്കാന്‍ പോയതിനുശേഷം ജെബയുടെ വസ്ത്രധാരണരീതിയില്‍ മാറ്റമുണ്ടായെന്ന് പറഞ്ഞ് ദമ്പതിമാര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇവര്‍ക്കിടയിലെ തര്‍ക്കം പരിഹരിക്കാന്‍ ബന്ധുക്കളും ശ്രമം നടത്തിയിരുന്നു. കുടുംബവീട്ടില്‍ ഇക്കാര്യം ചര്‍ച്ചചെയ്തതിന് ശേഷം തിരികെ വീട്ടിലേക്ക് പോകും വഴിയാണ് കൊലപാതകം നടന്നത്.തിരിച്ച് വീട്ടില്‍ പോകും വഴി വീണ്ടും ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കം
ഉണ്ടായിരുന്നു. തുടര്‍ന്ന് കൈയ്യില്‍ കരുതിയിരുന്ന അരിവാളുപയോഗിച്ച് നടുറോഡിലിട്ട് യുവതിയെ പ്രതി മാരകമായി വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ വന്നപ്പോഴേക്കും ഇയാള്‍ ഓടിരക്ഷപെട്ടു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൃത്യം നടത്തിയതിനു ശേഷം വീട്ടിലെത്തിയ ഇയാള്‍ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പക്ഷേ ഇയാള്‍ തന്നെ സ്വയം ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. യുവതിയുടെ മൃതദേഹം തക്കല പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post