പത്തനംതിട്ട: ജനരോഷം ഭയന്ന് വീട്ടിൽ കിടന്നുറങ്ങാനാവാത്ത ആദ്യത്തെ മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരിൽ പോലും മുഖ്യമന്ത്രിക്ക് ഇറങ്ങാനാവുന്നില്ലെന്നത് ജനങ്ങളുടെ വികാരങ്ങളുടെ പ്രതിഫലനമാണെന്നും പത്തനംതിട്ട പുല്ലാട്ട് നടന്ന സംസ്ഥാന സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു. എത്രയും പെട്ടെന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചൊഴിഞ്ഞ് പിണറായി വിജയൻഅന്വേഷണത്തെ നേരിടുകയാണ് വേണ്ടത്.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി സ്വർണ്ണക്കള്ളക്കടത്ത് നടത്തിയത്. മുഖ്യമന്ത്രിക്കെതിരെ ആദ്യമായി ആരോപണം ഉന്നയിച്ചത് ബി ജെ പിയാണ്. പിന്നീട് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. ക്രൈംബ്രാഞ്ചിനെ കൊണ്ട് ഇ ഡിക്കെതിരെ കേസ് എടുപ്പിച്ചു. ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണംപ്രഖ്യാപിച്ചു. എന്നാൽ സ്വപ്നയുടെ 164 മൊഴി പുറത്തു വന്നതോടെ കാര്യങ്ങളെല്ലാം വ്യക്തമായതായി കെ സുരേന്ദ്രൻ പറഞ്ഞു.
മൊഴി കൊടുത്ത സ്വപ്നയ്ക്കെതിരെ കേസെടുത്ത സർക്കാർ ഒരു എ ഡി ജി പിയും 12 ഡി വൈ എസ് പിമാരും ഉൾപ്പെടെയുള്ള ഒരു എസ് ഐ ടി രൂപീകരിച്ചു. ജാമ്യം ലഭിക്കാവുന്നകേസിലാണ് ഈ പരാക്രമം. പരാതിക്കാരിയെ ഭീഷണിപ്പെടുത്താൻ മധ്യസ്ഥനെ അയച്ചു. അയാളുടെ ഓഡിയോ പുറത്തുവന്നിട്ടും ഒരു നടപടിയുമെടുക്കാൻ സർക്കാർ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ അഴിമതി പകൽ പോലെ വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വിദേശയാത്രകൾക്ക് പിന്നിലെ സത്യം തെളിഞ്ഞിരിക്കുകയാണെന്നും ബി ജെ പി അദ്ധ്യക്ഷൻ പറഞ്ഞു.
തനിക്ക് നേരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങൾക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. യു എ ഇ കോൺസുലേറ്റുമായി ബന്ധപ്പെടാനുള്ള എന്ത് അവകാശമാണ് മുഖ്യമന്ത്രിക്കുള്ളത്?
വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും അഴിമതിക്കെതിരെ സംസാരിക്കാൻ അവകാശമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസിൻ്റെ അഖിലേന്ത്യാ പ്രസിഡൻ്റ് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അഴിമതിക്കേസിൽ നടപടി നേരിടുകയാണ്. രാവിലെ സതീശൻ രാഹുലിനെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ എറണാകുളത്ത് സമരം ചെയ്യും. വൈകുന്നേരം ഇഡി പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ തിരുവനന്തപുരത്ത് സമരം ചെയ്യും. പിണറായി പറയുന്നത് രാഹുൽ ഗാന്ധിയെ ഇ ഡി പീഡിപ്പിക്കുകയാണെന്നാണ്. അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസും സി പി ഐ എമ്മും ഒറ്റക്കെട്ടാണ്.
കർഷകർ കഷ്ടപ്പെടുകയാണ്. നരേന്ദ്രമോദി സർക്കാരിൻ്റെ വികസന നേട്ടങ്ങൾ കേരളത്തിലെ എല്ലാജനങ്ങളിലുമെത്തിക്കും. പ്രധാനമന്ത്രി 50,000 കോടിയുടെ വികസന പദ്ധതികളുടെഉദ്ഘാടനത്തിന് വേണ്ടി 21 ന് തിരുവനന്തപുരത്തെത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തിൻ്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണൻ യോഗം ഉദ്ഘാടനംചെയ്തു. സംസ്ഥാന വൈസ്പ്രസിഡൻ്റ് എ എൻ രാധാകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, എം ടി രമേശ്, സി കൃഷ്ണകുമാർ, പി സുധീർ പ്രസംഗിച്ചു.
Discussion about this post