പയ്യോളി: വർണക്കൂടാരം വിദ്യാർഥികൾക്കായി തുറന്നു കൊടുത്തു. അയനിക്കാട് ഗവ.വെൽഫെയർ എൽ പി സ്കൂളിൽ ഒരുക്കിയ വർണാഭമായ ചടങ്ങിൽ എം എൽ എ കാനത്തിൽ ജമീല 4+ ക്ലാസ് മുറി തുറന്ന് നൽകിയാണ് വർണക്കൂടാരം മാതൃക പ്രീ സ്കൂൾ പ്രഖ്യാപനം നടത്തിയത്. ഉദ്ഘാടനം നിർവഹിക്കപ്പെടുന്ന ജില്ലയിലെ തന്നെ ആദ്യ ‘മാതൃക പ്രീ സ്കൂളായി’ ഗവ.വെൽഫെയർ സ്കൂൾ അറിയപ്പെടും.
അരങ്ങ് – മിനി തിയേറ്റർ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ നിർവഹിച്ചു. പയ്യോളി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ ടി വിനോദ് 3+ ക്ലാസ് റൂം കുട്ടികൾക്കായി തുറന്നു കൊടുത്തു.
ആകർഷകമായ ഹരിതോധ്യാനം, ഔട്ട്ഡോർ പ്ലേ ഏരിയ എന്നിവയുടെ ഉദ്ഘാടനം എസ് എസ് കെ കോഴിക്കോട് ജില്ലാ പ്രോഗ്രാം ഓഫീസർ പ്രമോദ് മൂടാടി നിർവഹിച്ചു. കോഴിക്കോട് എസ് എസ് കെ നൽകിയ 3.75 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച മഴവെള്ള സംഭരണിയുടെ ഉദ്ഘാടനം നഗരസഭാംഗം ഖാലിദ് കോലാരിക്കണ്ടി നിർവഹിച്ചു.
ഒന്നാന്തരമായ ഒന്നാം ക്ലാ സ് മേലടി എ ഇ ഒ പി വിനോദ് കുട്ടികൾക്കായി തുറന്നു കൊടുത്തു.പ്രധാനാധ്യാപകൻ സി അബ്ദുൽ ജലീൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഷഫീഖ് വടക്കയിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വർണക്കൂടാരമൊരുക്കിയ കലാകാരന്മാരായ കെ കെ ഗോപാലൻ, വിജയൻ പെരിങ്ങാട്, മുരളി പെരിങ്ങാട് എന്നിവരെ ആദരിച്ചു. നഗരസഭാംഗങ്ങളായ മനോജ് ചാത്തങ്ങാടി, ഷൈമ മണ്ണന്തല, ബി ആർ സി ട്രെയിനർ പി അനീഷ്, എസ് എം സി ചെയർമാൻ കെ സുനിൽ പ്രസംഗിച്ചു.
ഖാലിദ് കോലാരിക്കണ്ടി സ്വാഗതവും പി ടി എ പ്രസിഡൻ്റ് കെ ടി ഷാജി നന്ദിയും പറഞ്ഞു.
സമഗ്ര ശിക്ഷ കേരളയുടെ കോഴിക്കോട് ജില്ലയിലെ പ്രീപ്രൈമറി വിഭാഗം മാതൃകാ പ്രീ സ്കൂൾ പദ്ധതിയുടെ ഭാഗമായി 10 ലക്ഷം രൂപ ചിലവഴിച്ചാണ് വർണക്കൂടാരം മാതൃകാ പ്രീ സ്കൂളായി അയനിക്കാട് ഗവ.വെൽഫെയർ സ്കൂളിൽ നവീകരണ പ്രവൃത്തി പൂർത്തിയാക്കിയത്.
കുട്ടികളുടെ കലാപരിപാടികൾ ഉത്സവാന്തരീക്ഷത്തെ പൊലിപ്പിച്ചു. മുഴുവൻ കുട്ടികളും രക്ഷിതാക്കളും പ്രദേശവാസികളും പങ്കാളികളായി.
ചിത്രങ്ങൾ: സുരേന്ദ്രൻ പയ്യോളി
Discussion about this post