തിക്കോടി: മണൽ ഖനനം വീടിനോട് ചേർന്ന മതിൽ തകർത്തു. തിക്കോടി കുന്നുമ്മൽ മൻസൂറിന്റെ വീടിനോട് ചേർന്നുള്ള ചുറ്റുമതിലാണ് തകർന്നത്. മുമ്പ് നടന്ന മണൽഖനനമാണ് ചുറ്റുമതിൽ ഇടിഞ്ഞതിന് കാരണമെന്ന് മൻസൂർ പറയുന്നു.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു.
ചുറ്റുമതിൽ ഇടിഞ്ഞു വീണതോടെ വീട് അപകട ഭീഷണിയിലായി. ഒരു മഴ വീടിനെയും തകർക്കുമോയെന്ന ഭീതിയിലാണ് മൻസൂറിൻ്റെ കുടുംബം.
നേരത്തേ, മൻസൂറിൻ്റെ വീടിനടുത്ത് സ്ഥലം വാങ്ങിയ ആൾ വീട് വെയ്ക്കുന്നതിന് മുമ്പ് നിലവിലെ സ്ഥല നിരപ്പിൽ നിന്നും ഒന്നര മീറ്ററോളം ആഴത്തിൽ മണൽ എടുത്തിരുന്നുവത്രെ. ഇതിനെ തുടർന്ന് തർക്കമുണ്ടായതോടെ പഞ്ചായത്തധികൃതരും മറ്റും ഇടപെട്ട് ചുറ്റുമതിൽ നിർമ്മിച്ച് സുരക്ഷയൊരുക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
ഇതനുസരിച്ച് പണി തീർത്ത മതിലിൻ്റെ നിർമാണത്തിലെ അപാകതയാണ് മതിലും അതിനോട് ചേർന്നുള്ള ഭാഗവും ഒന്നാകെ കനത്ത മഴയിൽ ഇടിഞ്ഞ് വീഴാൻ കാരണമെന്ന് മൻസൂർ ആരോപിക്കുന്നു.
സംഭവം തർക്കമായതോടെ പഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ കെ പി ഷക്കീല, പഞ്ചായത്തംഗം പി ടി സുബീഷ്, പയ്യോളി സബ് ഇൻസ്‌പെക്ടർ, പഞ്ചായത്ത് സിക്രട്ടറി, മഹല്ല് കമ്മിറ്റി സെക്രട്ടറി കാദർ ഹാജി സ്ഥലം സന്ദർശിച്ചു.
Discussion about this post