പത്തനംതിട്ട: ബാംബു കർട്ടന്‍റെ മറവിൽ തട്ടിപ്പ് നടത്തുന്ന സംഘത്തെ പത്തനംതിട്ട ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. പതിനായിരം രൂപയിൽ താഴെ വിലയുള്ള കർട്ടൻ സ്ഥാപിച്ച ശേഷം തൊണ്ണൂറായിരം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മൂന്നംഗ സംഘമാണ് പിടിയിലായത്. പ്രായമായവർ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്.
കരുനാഗപ്പള്ളി തഴവ സ്വദേശി ഹാഷിം, ശൂരനാട് സ്വദേശികളായ അൻസിൽ, റിയാസ് എന്നിവരാണ് അറസ്റ്റിലായത്. പ്രായമായവർ താമസിക്കുന്ന വീടുകളായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം. കഴിഞ്ഞ ദിവസം ആറന്മുളയിലെ ഒരു വീട്ടിലെത്തിയ ഇവർ സ്ക്വയർ ഫീറ്റിന് 200 രൂപ നിരക്കിൽ ബാംബു കർട്ടൻ ഇട്ടു നൽകാമെന്ന് പറഞ്ഞു. കർട്ടനിട്ട ശേഷം 45,000 രൂപ ആവശ്യപ്പെട്ടു.
വീട്ടമ്മ അവരുടെ പക്കലുണ്ടായിരുന്ന 14,000 രൂപ പണമായി നൽകി. ബാക്കി തുകയ്ക്ക് ബ്ലാങ്ക് ചെക്കുകൾ നൽകാൻ പ്രതികൾ ആവശ്യപ്പെട്ടു. ചെക്കുകൾ അന്നുതന്നെ ബാങ്കിൽ ഹാജരാക്കിയ സംഘം 85,000 രൂപ പിൻവലിച്ചു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയതോടെയാണ് തട്ടിപ്പ് വ്യക്തമായത്. വെറും പതിനായിരം രൂപ പോലും വില ഇല്ലാത്ത കർട്ടനിട്ടാണ് വീട്ടുകാരെ ഇവർ പറ്റിച്ചത്.കേരളത്തിൽ വ്യാപകമായി കറങ്ങി നടന്ന് ഈ രീതിയിൽ ആളുകളെ പറ്റിക്കുന്ന ബാംബു കർട്ടൻ സംഘങ്ങളെ പിടികൂടാൻ തന്നെയാണ് പൊലീസിന്‍റെ തീരുമാനം. ഇപ്പോൾ അറസ്റ്റിലായ മൂവർ സംഘത്തിൽ നിന്ന് പൊലീസ് വിശദ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
Discussion about this post