കല്ലാക്കുറിച്ചി: തമിഴ്നാട്ടിലെ കല്ലാക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള സ്വകാര്യ ബോർഡിങ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രദേശത്ത് വൻ സംഘർഷം. വിദ്യാർഥിനിയുടെ ബന്ധുക്കളും നാട്ടുകാരും സ്കൂൾ ആക്രമിച്ചു.
30 സ്കൂൾ ബസ് ഉൾപ്പെടെ 50ലേറെ വാഹനങ്ങൾ അഗ്നിക്കിരയാക്കി. സ്കൂൾ കെട്ടിടം തല്ലിത്തകർത്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. എന്നാൽ ഇവർ പ്രതിഷേധത്തിൽ നിന്നും പിന്മാറാതെ പൊലീസുമായി ഏറ്റുമുട്ടി. ഇതിനിടെ പൊലീസ് വാഹനം തകർത്തു.
കല്ലാക്കുറിച്ചിയ്‌ക്ക് സമീപം ചിന്ന സേലം എന്ന സ്ഥലത്തെ സ്വകാര്യ ഹയർസെക്കന്ററി സ്‌കൂളിൽ പ്ളസ് ടു വിദ്യാർത്ഥിനി ചൊവ്വാഴ്‌ച ആത്മഹത്യ ചെയ്‌തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
രണ്ട് അദ്ധ്യാപകരുടെ പീഡനം സഹിക്കവയ്യാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് പെൺകുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പ് ലഭിച്ചിരുന്നു. ബുധനാഴ്‌ച പുലർച്ചെ സ്‌കൂൾ ഹോസ്‌റ്റലിൽ വച്ച് സ്‌കൂൾ കാവൽക്കാരനാണ് മരിച്ചനിലയിൽ പെൺകുട്ടിയെ കണ്ടത്.
പെൺകുട്ടിയുടെ കുറിപ്പിലെ ആരോപണങ്ങൾ ആരോപണവിധേയരായ അദ്ധ്യാപകർ തളളി. ഇതോടെ ബുധനാഴ്‌ച പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് കല്ലാക്കുറിച്ചി-സേലം ഹൈവെ ഉപരോധിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് പെൺകുട്ടിയ്‌ക്ക് നീതിവേണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥിപ്രതിഷേധം നടന്നത്.
Discussion about this post