പത്തനംതിട്ട: മന്ത്രി വീണാജോർജിനെ മത്സരിപ്പിക്കരുതെന്ന ഭർത്താവ് ജോർജ് ജോസഫിന്റെ ആവശ്യം സി.പി.എം. അംഗീകരിക്കാനിടയില്ല. ആറൻമുളയിൽ വീണയെ മത്സരിപ്പിക്കാനുള്ള തീരുമാനം സി.പി.എം. എടുത്ത സ്ഥിതിക്ക് അതിൽനിന്ന് പിന്നാക്കം പോകാനാവില്ലെന്ന സൂചനയാണ് പാർട്ടിയിൽനിന്ന് പുറത്തുവരുന്നത്. ബുധനാഴ്ച സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റും വ്യാഴാഴ്ച സംസ്ഥാന കമ്മിറ്റിയും ചേരുന്നുണ്ട്.
പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ, ജോർജിന്റെ ആവശ്യം യോഗത്തിൽ പങ്കെടുത്ത തോമസ് ഐസക്ക് സംസ്ഥാന സെക്രട്ടേറിയറ്റിന് റിപ്പോർട്ട് ചെയ്തിരുന്നു. ഈ വിഷയം ബുധനാഴ്ച പരിഗണിക്കാനിടയുണ്ട്. ഭർത്താവിന്റെ ആവശ്യത്തിന് വഴങ്ങണ്ടാ എന്ന നിലപാടാണ് പാർട്ടി നേതൃത്വം സ്വീകരിക്കുക എന്നാണ് വിവരം.
മത്സരിക്കാൻ താത്പര്യമില്ലെങ്കിൽ വീണാജോർജ് നേരിട്ട് അറിയിക്കട്ടെ എന്ന അഭിപ്രായവും നേതൃത്വത്തിലുണ്ടായിട്ടുണ്ട്. വീണയെ മത്സരിപ്പിക്കരുതെന്ന് സി.പി.എം. നേതാക്കളോട് ജോർജ് ആവശ്യപ്പെട്ടതായി മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തയോട് പ്രതികരിക്കുന്നില്ലെന്നായിരുന്നു ജോർജിന്റെ മറുപടി. കണ്ണൂരിൽ കെ.എസ്.യു. പ്രതിഷേധത്തിനിടെ പരിക്കേറ്റ് പത്തനംതിട്ട കൊടുമണ്ണിലെ വീട്ടിൽ വിശ്രമത്തിലായിരുന്ന മന്ത്രി ചൊവ്വാഴ്ച പൊതുചടങ്ങുകളിലെത്തിയെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയുംചെയ്തു.



































Discussion about this post