പഴക്കം ചെന്നൊരു മന. അതിന് മുന്നിൽ തീപന്തവുമായി ഒരാൾ നിൽക്കുന്നു. സൂക്ഷിച്ച് നോക്കിയാൽ മനയുടെ മുകളിലായി ചില അദൃശ്യ രൂപങ്ങളെയും കാണാം. എന്നാൽ ആരും അധികം ശ്രദ്ധിക്കാത്ത, ആരുടെയും കണ്ണിൽ പെടാത്ത ഒരു മുഖം അതിൽ മറഞ്ഞിരിപ്പുണ്ട്- ‘ഭ്രമയുഗ’ത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ ആയിരുന്നു ഇത്. ഈ പോസ്റ്റർ പോലെ ആണ് ഭ്രമയുഗം എന്ന രാഹുൽ സദാശിവൻ ചിത്രവും. ഏറെ നിഗൂഢതകൾ നിറഞ്ഞ, സത്യമോ മിഥ്യയോ എന്ന് മനസിലാക്കാൻ സാധിക്കാത്ത, അദൃശ്യമായൊരു മുഖം അതിൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ആ മുഖം എന്താണെന്നും ആരാണെന്നും വ്യക്തമാക്കിയാണ് ഭ്രമയുഗം ഇന്ന് തിയറ്ററിൽ എത്തിയത്.
17ാം നൂറ്റാണ്ടിലെ തെക്കൻ മലബാറിൽ നടക്കുന്ന ഫിഷൻ കഥയാണ് ഭ്രമയുഗം. കാടിന്റെ വന്യതയും ഭയവും ഈട്ടി ഉറപ്പിച്ചുകൊണ്ടാണ് തുടക്കം. അക്കാലത്ത് ഒരു ഇല്ലത്തിൽ തമ്പുരാനെ പാടി ഉറക്കിയിരുന്ന പാണൻ ആണ് തേവൻ. എന്നാൽ അപ്രതീക്ഷിതമായി അവിടം വിടേണ്ടി വരുന്ന ഈ ചെറുപ്പക്കാരൻ വഴി തെറ്റി, കൊടുമൺ പോറ്റിയുടെ ഇല്ലത്ത് എത്തുന്നു. വലിയൊരു കാടിനുള്ളിൽ തനിച്ചായി പോയ തനിക്ക് കിട്ടിയൊരു അഭയകേന്ദ്രം ആയിരുന്നു ആ മനയെങ്കിലും, ആ ചെറുപ്പക്കാരനെ കാത്തിരുന്നത് അവിശ്വസിനീയമായ, നിഗുഢതകൾ മാത്രം നിറഞ്ഞ ദിനങ്ങളായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെടാനായി തേവൻ നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ഹൊറർ ത്രില്ലർ ആണെങ്കിലും ആവശ്യമില്ലാത്ത ഗിമിക്സുകളൊന്നും ചേർക്കാതെ കഥയ്ക്ക് അനുയോജ്യമായ രീതിയിലുള്ള ഹൊറർ എലമെന്റുകൾ രാഹുൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രേക്ഷകരെ ബോറഡിപ്പിക്കാതെ ആദ്യമധ്യാന്തം ഇനി എന്ത് ? അയാൾ രക്ഷപ്പെടുമോ ? എന്ന ചോദ്യങ്ങൾ സമ്മാനിച്ച് പ്രേക്ഷകരെ എൻഗേജിംഗ് ചെയ്യിപ്പിച്ചുള്ള തിരക്കഥയാണ് ചിത്രത്തിന്റെ യുഎസ്പി. അക്കാര്യത്തിൽ ടി ഡി രാമകൃഷ്ണനും രാഹുൽ സദാശിവനും കയ്യടി അർഹിക്കുന്നുണ്ട്. ഭൂതകാലം മുതൽ വ്യത്യസ്തകൾ നേടിപ്പോകുന്ന സംവിധായകൻ ആണ് രാഹുൽ സദാശിവൻ എന്ന് വ്യക്തമായിരുന്നു. ആ വ്യത്യസ്ത ഭ്രമയുഗത്തിലും രാഹുൽ കൊണ്ടുവന്നിട്ടുണ്ട്. അതിൽ വിജയിക്കുകയും ചെയ്തു. പൂർണമായും ബ്ലാക് ആൻഡ് വൈറ്റിൽ ആണ് ഭ്രമയുഗം പ്രേക്ഷർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, സാങ്കതികതകളുടെ വലിയൊരു വേലിയേറ്റ സമയത്ത് ബ്ലാക് ആൻഡ് വൈറ്റിൽ ഒരു സിനിമ ഒരുക്കുക എന്നത് ഏറെ ശ്രമകരമായ, പരീക്ഷണാത്മക ദൗത്യമാണ്. ആ ദൗത്യം യാതൊരു കേടുപാടുകളും സംഭവിക്കാതെ തന്നെ ബിഗ് സ്ക്രീനിൽ അണിയറ പ്രവർത്തകർ എത്തിച്ചിരിക്കുന്നു. ബ്ലാക് ആൻഡ് വൈറ്റിൽ തന്നെയാണ് ഈ സിനിമ കാണേണ്ടത് എന്നതും നൂറ് ശതമാനം ഉറപ്പാണ്.
Discussion about this post