തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലുപേര്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മൂന്നാമത്തെ മൃതദേഹവും പുലിമുട്ടിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. ഇനി കണ്ടെത്താനുള്ളത് ഒരാളുടെ മൃതദേഹമാണ്. പുതുക്കുറിച്ചി സ്വദേശി ബിജു ആന്റണിയുടെ മൃതദേഹമാണ് ലഭിച്ചത്. ഇനി കണ്ടെത്താനുള്ളത് റോബിന് എന്ന മത്സ്യത്തൊഴിലാളിയുടെ മൃതദേഹമാണ്.
തിങ്കളാഴ്ച രാവിലെ മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് 4 തൊഴിലാളികളെ കാണാതാവുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പുലര്‍ച്ചെ 4 മണിയോടെയാണ് അപകടം നടന്നത്. കാണാതായവരില്‍ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെയാണ് ആദ്യം കണ്ടെത്തിയത്. അബോധാവസ്ഥയിലുള്ള കുഞ്ഞുമോനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞുമോന് ആശുപത്രിയില്‍ വെച്ച് മരിച്ചു.
പുലര്‍ച്ചെ മൂന്നരക്ക് മീന്‍പിടിക്കാന്‍ പോയ ബോട്ട് യാത്ര തിരിച്ച് മിനിറ്റുകള്‍ക്കുളളില്‍ ശക്തമായ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു. പിന്നാലെ പോയ മത്സ്യത്തൊഴിലാളികളാണ് കുഞ്ഞുമോനെ കരക്കെത്തിച്ചത്. കഴിഞ്ഞ രണ്ടുമാസത്തിനിടെയുണ്ടാകുന്ന പത്താമത്തെ അപകടമാണിത്. അശാസ്ത്രീയമായ ഹാര്‍ബര്‍ നിര്‍മ്മാണമാണ് തുര്‍ച്ചയായ അപകടത്തിന് കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു. മത്സ്യതൊഴിലാളികളും മറൈന്‍ ഇന്‍ഫോഴ്സ്മെന്റും ചേര്‍ന്ന് തെരച്ചില്‍ തുടരുന്നു.
Discussion about this post