കൊല്ലം: ഓയൂരിൽ ആറു വയസുകാരിയുടെ തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരിൽ പത്മകുമാറിനെ തിരിച്ചറിഞ്ഞ് കുട്ടി. കഷണ്ടിയുള്ള മാമൻ എന്ന് കുട്ടി നേരത്തേ മൊഴി നൽകിയിരുന്നു. പ്രിന്റ് ചെയ്ത ചിത്രം കാണിച്ചതോടെ കുട്ടി ഇയാളെ തിരിച്ചറിയുകയായിരുന്നു.
പത്മകുമാറിന്റെ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് പൊലീസ് ഉടൻ കടന്നേക്കും പത്മകുമാറിനെയും ഭാര്യയെയും മകളെയുമാണ് ഇന്ന് ഉച്ചയോടെ തമിഴ്നാട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. തെങ്കാശിയിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവേ അന്വേഷണസംഘം മൂവരെയും പിടികൂടുകയായിരുന്നു. പത്മകുമാറിന് മാത്രമേ കേസിൽ നേരിട്ട് ബന്ധമുള്ളൂ എന്നാണ് പ്രാഥമിക നിഗമനം. മൂവരെയും അടൂരിലെ കെ.എ.പി ക്യാംപിലെത്തിച്ച് ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്.
കസ്റ്റഡിയിലായവർ തമിഴ്നാട്ടിലേക്ക് പോയത് ഇന്നലെ വൈകിട്ടാണെന്നാണ് വിവരം. ഇന്നലെ പകലും ഇവർ കൊല്ലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നു പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിൽ ഒരു സ്വിഫ്റ്റ് ഡിസയർ കാർ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങളിലുള്ളതും ഒരു ഡിസയർ കാർ ആയിരുന്നു. എന്നാൽ ആ കാർ തന്നെയാണോ ഇത് എന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ. സിസിടിവി ദൃശ്യങ്ങളിലെ കാറിന്റെ നമ്പർ വ്യാജമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പത്മകുമാറിന്റെ വീട്ടിലേത് ഇയാളുടെ പേരിലെടുത്തിരിക്കുന്ന കാർ തന്നെയാണ്.
Discussion about this post