ന്യൂഡല്‍ഹി: രാജ്യത്ത് മരുന്നുകളുടെ വിലകുറയ്ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് കുറയുക. 70 ശതമാനം വരെ വില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തില്‍ ഉണ്ടായേക്കും.

അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മരുന്ന് നിര്‍മ്മാണ കമ്പനികളുമായി നേരത്തെ ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ചര്‍ച്ച നടത്തിയിരുന്നു. കാന്‍സര്‍ അടക്കമുള്ള രോഗങ്ങളുടെ മരുന്നുകള്‍ക്ക് വന്‍ വില കമ്പനികള്‍ ഈടാക്കുന്നതായി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.അവശ്യമരുന്നുകളുടെ പട്ടിക പരിഷ്‌കരിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

ജീവിതശൈലി രോഗങ്ങള്‍ക്കും അര്‍ബുദ രോഗത്തിനുമുള്ള ഭൂരിഭാഗം മരുന്നുകള്‍ക്കും നിലവില്‍ 12 ശതമാനമാണ് ജി.എസ്.ടി. ഇത് കുറയ്ക്കാന്‍ കഴിഞ്ഞാല്‍ മരുന്നുകളുടെ വിലയില്‍ നല്ലമാറ്റമുണ്ടാകും. വിലക്കുറവ് നിലവില്‍വരുന്നതോടെ രാജ്യത്തെ ലക്ഷക്കണക്കിനുവരുന്ന രോഗികള്‍ക്ക് ആശ്വാസമാകും.

കഴിഞ്ഞ ഏപ്രിലില്‍ 40000ല്‍ അധികം മരുന്നുകള്‍ക്ക് വില കൂട്ടിയിരുന്നു. പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍, വൈറ്റമിനുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്കാണ് വില കൂടിയത്. പനി, അലര്‍ജി, ഹൃദ്രോഗം, ത്വക് രോഗം, വിളര്‍ച്ച എന്നിവയ്ക്ക് നല്‍കാറുള്ള അസിത്രോമൈസിന്‍, സിപ്രോഫ്‌ലോക്‌സാസിന്‍ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോള്‍ എന്നീ മരുന്നുകളുടെ വിലയും വര്‍ദ്ധിച്ചിരുന്നു.



































Discussion about this post