തിരുവനന്തപുരം: എ കെ ജി സെന്ററിന് നേരെയുണ്ടായ ബോംബേറ് പ്രതിയെ ഉടന്‍ പിടികൂടുമെന്ന് എ ഡി ജി പി വിജയ് സാഖറെ. പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്. പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങള്‍ പ്രകാരം ഒരാള്‍ മാത്രമാണ് അക്രമത്തില്‍ പങ്കെടുത്തതെന്നാണ് കരുതുന്നത്. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുംമെന്നും വിജയ് സാഖറെ പറഞ്ഞു.
സ്ഥലത്തെക്കുറിച്ച് കൃത്യമായ അറിവുള്ളയാളാണ് എ കെ ജി സെന്ററിന് നേരെയുള്ള അക്രമത്തിനു പിന്നിലെന്നാണ് പൊലീസ് കരുതുന്നത് ഒരു മിനിറ്റും 32 സെക്കന്‍ഡുമാണ് പരിസരം നിരീക്ഷിക്കുന്നതിനും ബോംബെറിയുന്നതിനും എടുത്തത്. ഈയാളുടെ കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
ബോംബെറിഞ്ഞ സമയത്ത് മറ്റൊരു ബൈക്ക് എകെജി സെന്ററിന് മുന്നിലെ ഇടറോഡിലൂടെ കടന്നു പോയതാണ് മറ്റു ആളുകളുടെ പങ്ക് ബലപ്പെടുത്തുന്നത്. സ്ഫോടക വസ്തു എറിഞ്ഞ രീതി നോക്കുമ്പോള്‍ ഇത്തരം വസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ചവരാണ് പിന്നിലെന്നാണ് നിഗമനം
അതേസമയം ആക്രമണത്തിനുപയോഗിച്ചത് പടക്കം പോലുള്ള വസ്തുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസ്സിലായത്. വണ്ടിയുടെ നമ്പരോ ബോംബ് എറിഞ്ഞ ആളിന്റെ മുഖമോ സി സി ടി വി ദൃശ്യത്തില്‍ വ്യക്തമല്ല. ആക്രമണ സമയത്ത് പ്രധാന ഗേറ്റില്‍ പൊലീസുണ്ടായിരുന്നെന്ന് ഓഫിസ് സെക്രട്ടറി പറഞ്ഞിരുന്നു. എന്നാല്‍ ആക്രമണത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും കമ്മിഷണര്‍ അറിയിച്ചു.

Discussion about this post