താമരശ്ശേരി∙ കോഴിക്കോട് –വയനാട് ദേശീയ പാതയിൽ താമരശ്ശേരി കാരാടി വട്ടക്കുണ്ട് പാലത്തിനടുത്ത് നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട സ്കൂട്ടറിൽ ഇടിച്ചു പിഞ്ചുകുഞ്ഞ് മരിച്ചു. വയനാട് നടവയൽ നെയ്കുപ്പ കാഞ്ഞിരത്തിൻകുന്നേൽ ഷിബു മാത്യുവിന്റെ ഏക മകൻ സാവിയോ ഷിബു (4) ആണു മരിച്ചത്. ഷിബു മാത്യു (34), ഭാര്യ റീജ (30), റീജയുടെ മാതാവ് റീന (50) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂട്ടർ ഉടമ താമരശ്ശേരി ചുണ്ടക്കുന്ന് അരുണിന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമചികിത്സ നൽകി. ഗൾഫിൽ നഴ്സായ റീജ മുറിയിൽ വീണ് കാലിനു പരുക്കു പറ്റിയതിനെ തുടർന്ന് ബുധനാഴ്ചയാണു കോഴിക്കോട്ടെത്തിയത്. വീട്ടുകാർ കരിപ്പൂർ വിമാനത്താവളത്തിലെത്തി സ്വീകരിച്ച് ഇന്നലെ രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കിയ ശേഷം വൈകിട്ട് അഞ്ചോടെ കാറിൽ നാട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം. സംസ്കാരം ഇന്ന് നെയ്ക്കുപ്പ സെന്റ് ജോസഫ്സ് പള്ളിയിൽ.
Discussion about this post