തലശേരി: ടാങ്കർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞത് പരിഭ്രാന്തി പരത്തി. തലശേരി രണ്ടാം ഗേറ്റിലാണ് വാതകം നിറച്ചു വരികയായിരുന്ന ടാങ്കർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞത്. ഇന്നു രാവിലെ 8.15 ഓടെയാണ് അപകടം. മംഗലാപുരത്ത് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. ഗേറ്റിനടുത്ത് വെച്ച് വേഗത്തിൽ വളവു തിരിക്കാൻ ശ്രമിച്ചതാണ് അപകട കാരണമെന്ന് കരുതുന്നു.അപകടത്തിൽ ഡ്രൈവർ തെങ്കാശി സ്വദേശി പെരിയസ്വാമി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.വിവരമറിഞ്ഞതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലായി. വാതകചോർച്ച ഇല്ലെന്നറിഞ്ഞതോടെയാണ് ഇവരുടെ പരിഭ്രാന്തി വിട്ടകന്നതെങ്കിലും, പ്രദേശവാസികൾ ജാഗ്രതയിൽ തന്നെയാണ്. അപകടത്തിൽ സമീപത്തെ ബസ് സ്റ്റോപ്പ് പൂർണമായും തകർന്നു. ബസ് സ്റ്റോപ്പിൽ ആളില്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ടാങ്കറിന് വാതകചോർച്ച ഇല്ലെന്നും കൂടുതൽ പരിശോധനക്കായിമംഗലാപുരത്ത് നിന്നു വിദഗ്ധർ എത്തുമെന്നും പോലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ വഴിതിരിച്ച് വിട്ടു.
Discussion about this post