തലശേരി: പുന്നോലിൽ സി പി എം പ്രവർത്തകനെ വെട്ടിക്കൊന്നു. കൊരമ്പിൽ താഴെ കുനിയിൽ ഹരിദാസ് (54) ആണ് കൊല്ലപ്പെട്ടത്. മത്സ്യത്തൊഴിലാളിയായ ഹരിദാസനെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ പുലർച്ചെയാണ് ബൈക്കിലെത്തിയ നാലംഗ സംഘം വെട്ടിക്കൊന്നത്. ഹരിദാസന്റെ വീടിന് തൊട്ട് മുന്നിൽ വച്ചാണ് കൊലപാതകം നടന്നത്. തലശേരി ന്യൂ മാഹിക്ക് സമീപം ഇന്ന് പുലർച്ചെ രണ്ടോടെയാണ് സംഭവം.
മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു വെട്ടേറ്റത്. വീടിന് അടുത്ത് വച്ച് ബന്ധുക്കളുടെ മുമ്പിലായിരുന്നു ആക്രമണം. ഹരിദാസിന്റെ ശരീരമാസകലം വെട്ടേറ്റു. ഒരു കാൽ വെട്ടിമാറ്റിയ നിലയിലാണ്. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഉടനെ തലശേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഹരിദാസനു നേരെയുള്ള അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ സഹോദരൻ സുരനും വെട്ടേറ്റു. കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സി പി എം ആരോപിച്ചു. ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലിൽ പ്രദേശത്ത് സി പി എം – ബി ജെ പി സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹരിദാസനു നേരെ ആക്രമണമുണ്ടായത്.
തലശേരി നഗരസഭ ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറ് മണിവരെ നീളും.
Discussion about this post