വടകര: പട്ടിക വർഗ പ്രീമെട്രിക് ഹോസ്റ്റലിന് പുതിയ കെട്ടിടം പണിയാനുള്ള പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിച്ചതായി കെ കെ രമ എം എൽ എ അറിയിച്ചു. വളരെ വൈകാതെ തന്നെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കെട്ടിട നിർമാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും എം എൽ എ. ഹോസ്റ്റൽ നിർമാണത്തിനായി പട്ടികവർഗ ക്ഷേമ വകുപ്പ് 4.82 കോടി രൂപ അനുവദിച്ചിരുന്നു.
സമൂഹത്തിലെ അടിസ്ഥാന വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് താമസിച്ചു പഠിക്കാനാണ് ഇത്തരം ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നത്. എന്നാൽ കാലങ്ങളായി വലിയ അവഗണന നേരിടുകയാണ് ഈ വിഭാഗമത്രയും. ഇതിന്റെ നേർക്കാഴ്ചയായിരുന്നു വടകര പുതുപ്പണത്ത് നിലവിലുള്ള, കുട്ടികളുടെ ഹോസ്റ്റൽ.
ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ പൊട്ടിപ്പൊളിഞ്ഞു വീഴാറായ പഴഞ്ചൻ കെട്ടിടത്തിലാണ് ഈ കാലമത്രയും ഹോസ്റ്റൽ പ്രവർത്തിച്ചു വന്നത്. യാതൊരുവിധ അടിസ്ഥാന സൗകര്യവുമില്ലാത്ത ഹോസ്റ്റലിലെ കുട്ടികളുടെ ജീവിതം ഏറെ
ദുരിതപൂർണമാണ്.
ഇറിഗേഷൻ വകുപ്പിൽ നിന്നും സ്ഥലം കൈമാറിക്കിട്ടാത്തതാണ് കെട്ടിടനവീകരണത്തിനു ഇതുവരെ തടസ്സമായി നിന്നത്. ഇത്തരം സാങ്കേതിക പ്രശ്നങ്ങളെല്ലാം പരിഹരിച്ച് പുതിയ കെട്ടിടം എന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ പോവുകയാണ്.
നാടിന്റെ വിവിധഭാഗങ്ങളിൽ നിന്നായി മുപ്പതോളം കുട്ടികൾ ഇപ്പോൾ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നുണ്ട്. ഇവരിൽ കൂടുതൽ പേരും പുതുപ്പണം ജെ എൻ എം സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ്. കെട്ടിട നിർമ്മാണം പൂർത്തിയാവുന്നതോടെ ഇവരുടെ വലിയ പ്രശ്നങ്ങൾക്ക് പരിഹരമാകുമെന്നും എം എൽ എ പറഞ്ഞു.
Discussion about this post