ചെറുവണ്ണൂർ: ജി എച്ച് എസ് എസ് ചെറുവണ്ണൂരിൽ 6 മുതൽ 9 വരെ നടക്കുന്ന ഉപജില്ല കലോത്സവത്തിൻ്റെ രണ്ടാം ദിനത്തിൽ ‘പ്രോഗ്രാം കമ്മിറ്റി ഡ്യൂട്ടി’ ഏറ്റെടുത്ത് അധ്യാപികമാർ ശ്രദ്ധേയരായി. ഒരേ നിറത്തിലുള്ള സാരിയണിഞ്ഞ്, ഒമ്പതു വേദികളിലായി നടന്ന കലോത്സവത്തിന്റെ സ്റ്റേജ് ഡ്യൂട്ടി പൂർണ്ണമായും നിയന്ത്രിച്ചത് വിവിധ വിദ്യാലയങ്ങളിൽ നിന്നെത്തിയ അധ്യാപികമാർ.
117 അധ്യാപികമാരാണ് കൈ മെയ് മറന്ന് വേദികളിലും, പ്രോഗ്രാം ഓഫീസ് വർക്ക് കോ- ഓർഡിനേറ്റ് ചെയ്തും കലോത്സവത്തെ വനിതാദിന പരിപാടിക്ക് സമാനമാക്കിയത്. ഉദ്ഘാടന സമ്മേളന വേദിയിൽ അധ്യാപികമാരുടെ നൃത്ത സംഗീത ശിൽപവും അരങ്ങേറി.
ക്ലാസ് മുറികളിലെ അധ്യാപനം മാത്രമല്ല തങ്ങൾക്ക് വഴങ്ങുന്നതെന്ന് തെളിയിച്ച്, കലാമേളയിൽ പുതുമയാർന്ന ഓളങ്ങൾ തീർത്ത് കൗമാര ഉത്സവം കളറാക്കിയ സന്തോഷത്തിലാണ് മേലടി ഉപജില്ലയിലെ അധ്യാപികമാർ. അധ്യാപന മേഖലയിൽ 73 ശതമാനത്തിൻ്റെ കരുത്തു പകരുന്ന അധ്യാപികമാർ എല്ലാ കമ്മിറ്റികളിലും നിറസാന്നിദ്ധ്യമാവുകയാണ്. പ്രോഗ്രാം കമ്മിറ്റിയുടെ കൺവീനറായി കെ ഷാജിയും ചെയർമാനായി പി സി ഷാജിയും പ്രവർത്തിച്ചു വരുന്നു.
Discussion about this post