മൂടാടി: കൈയ്യൂക്ക് കൊണ്ട് ജനകീയ സമരത്തെ അടിച്ചമർത്താനാണ് സർക്കാരിൻ്റെ ഭാവമെങ്കിൽ നന്ദിഗ്രാമിൻ്റെ തുടർച്ചയാകും കേരളത്തിൽ അഭിമുഖീകരിക്കേണ്ടി വരികയെന്ന് ടി ടി ഇസ്മയിൽ പറഞ്ഞു.
കെ റെയിലിലെ ഒളിപ്പിച്ചു വെച്ച കള്ളത്തരങ്ങൾ വിളിച്ചു പറയുമ്പോൾ വിറളി പിടിച്ചിട്ടോ, ഭയപ്പെട്ടിട്ടോ കാര്യമില്ല. ഭൂമിയും കുടിയും നഷ്ടപ്പെടുന്നവരെ കൈയ്യേറാൻ വന്നാൽ, അവൻ്റെ മനസ്സിൻ്റെ താളം തെറ്റുമ്പോൾ, ഈ നാട് ഗുരുതരമായ പ്രതിസന്ധിയേയാവും അഭിമുഖീകരിക്കേണ്ടി വരികയെന്നത് സി പി എമ്മും സർക്കാരും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മൂടാടി കെ റെയിൽ വിരുദ്ധ ജനകീയ കർമ്മസമിതിയുടെ നേതൃത്വത്തിൽ മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് പഞ്ചായത്ത് ഓഫീസ് ഗേറ്റിൽ പ്രതീകാത്മക കെ റെയിൽ കുറ്റി സ്ഥാപിച്ചു.
സമരസമിതി ചെയർമാൻ ഖലീൽ കുനിത്തല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി പി ദുൽഖിഫിൽ, പഞ്ചായത്തംഗം പി പി ഖരീം, മുജീബ് അലി കൊയിലാണ്ടി, സമരസമിതി കൺവീനർ മുതുകുനി മുഹമ്മദ് അലി, അനസ് ആയടത്തിൽ, പപ്പൻ മൂടാടി പ്രസംഗിച്ചു.
കെ റഷീദ സമദ്, പി കെ സുനിത, ബ്ലോക്ക് പഞ്ചായത്തംഗം സുഹറഖാദർ,
പഞ്ചായത്തംഗങ്ങളായ റഫീഖ് പുത്തലത്ത്, എ വി ഹുസ്ന, പുതുക്കുടി ലതിക, പി ഇൻഷിദ, അഡ്വ.എം കെ ഷഹീർ എന്നിവരും സമരസമിതി പ്രവർത്തകരായ പവിത്രൻ കുളങ്ങര, റസൽ നന്തി, അശോകൻ പൊയിലിൽ, സി കെ അബൂബക്കർ, കെ കെ റിയാസ്, ടി കെ നാസർ, ഫൈസൽ നന്തി, സിഫാദ് ഇല്ലത്ത് എന്നിവർ നേതൃത്വം നൽകി.
ഇന്ന് രാവിലെ 8.30 മുതൽ സ്ത്രീകളും കുട്ടികളുമടക്കമുള്ള സമരസമിതി പ്രവർത്തകർ പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തി ഉപരോധം തീർത്തു. ഒരാളെ പോലും ഉള്ളിലേക്ക് കടത്തിവിടാൻ സമരക്കാർ തയ്യാറായില്ല. ഒരിഞ്ചു ഭൂമി പോലും വിട്ടു കൊടുക്കാനോ നഷ്ടപ്പെടാനോ തയ്യാറല്ലെന്ന പ്രഖ്യാപനം കൂടിയായിരുന്നു സമരസമിതിയുടെ ഉപരോധസമരം.
Discussion about this post