കൊയിലാണ്ടി: മതേതരത്വമാണ് ഇന്ത്യയുടെ മതം എന്ന പ്രമേയത്തിൽ എസ് വൈ എസ് കോഴിക്കോട് ജില്ലാ രാഷ്ട്ര രക്ഷാ സംഗമം സ്വാതന്ത്ര്യ ദിനത്തിൽ നടക്കും. വൈകീട്ട് 3.30 ന് കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കുന്ന രാഷ്ട്ര രക്ഷാ സംഗമം എം പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യുമെന്ന് എസ് വൈ എസ് ജില്ല ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എസ് വൈ എസ് സംസ്ഥാനത്തിന് അകത്തും പുറത്തുമായി ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന രാഷ്ട്ര രക്ഷാ സംഗമത്തിൻ്റെ ഭാഗമായാണ് കോഴിക്കോട് ജില്ലയിലും നടക്കുന്നത്. മതാന്ധതയും മതവൈരവും വർഗ്ഗീയതയും തരാതരം ഉപയോഗിച്ച് മുതലെടുക്കാൻ മതേതര സംഘടനകൾ തന്നെ രംഗത്ത് വരുമ്പോൾ അതിനെ പ്രതിരോധിക്കാൻ മതേതര വിശ്വാസികൾ സംഘടിക്കണമെന്ന സന്ദേശം മുന്നോട്ട് വെച്ചാണ് സംഗമം സംഘടിപ്പിച്ചിട്ടുള്ളത്.
എസ് വൈ എസ് ജില്ലാ പ്രസിഡൻ്റ് സയ്യിദ് ടി പി സി തങ്ങൾ സംഗമത്തിൽ അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ പ്രമേയ പ്രഭാഷണം നടത്തും.
സമസ്ത ജില്ലാ പ്രസിഡൻറ് എ വി അബ്ദുറഹിമാൻ മുസ്ല്യാർ, പ്രമുഖ സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ മുഖ്യാഥിതികളാവും. മുൻ എം എൽ എയും മുസ്ലിം ലീഗ് നേതാവുമായ പാറക്കൽ അബ്ദുല്ല, മുൻ എം എൽ എയും സി പി എം നേതാവുമായ പി വിശ്വൻ, എസ് വൈ എസ് ജില്ല ട്രഷറർ അബ്ദുറസാഖ് ബുസ്താനി പ്രസംഗിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ സയ്യിദ് യൂസുഫ് ത്വാഹാ ഹൈദ്രൂസി, നാസർ ഫൈസി കൂടത്തായി, അബ്ദുറസാഖ് ബുസ്താനി, അബ്ദുല്ലതീഫ് കുട്ടമ്പൂർ, ഡോ. അബ്ദുല്ലത്തീഫ് നദ് വി, അൻസാർ കൊല്ലം പങ്കെടുത്തു.
Discussion about this post