കൊച്ചി: ബി ടെക് വിദ്യാർത്ഥിയിൽ നിന്നും മാരക ഉന്മാദ ലഹരിയായ പാരഡൈസ് 650 (എൽ എസ് ഡി സ്റ്റാമ്പ്) പിടിച്ചെടുത്തു. കളമശ്ശേരി കുസാറ്റ് എഞ്ചിനിയറിങ് കോളേജിലെ അവസാന വർഷ ബിടെക് വിദ്യാർത്ഥി തിരുവനന്തപുരം വർക്കല സ്വദേശി കോട്ട വച്ച വിള വീട്ടിൽ ജഗത് റാം ജോയി (22 ) യെയാണ് പിടികൂടിയത്. ദക്ഷിണ മേഖല എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡിന്റെ ചുമതലയുള്ള എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആർ രാജേഷിന്റെ മേൽ നോട്ടത്തിലുള്ള എക്‌സൈസ് സംഘമാണ് വിദ്യാർത്ഥിയെ കസ്റ്റഡിയിൽ എടുത്തത്.
കൊച്ചി കളമശ്ശേരി കുസാറ്റ് ക്യാംപസ് കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദക്ഷിണ മേഖല എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് നടത്തിയ രഹസ്യ നീക്കത്തിൽ ആണ് എൽ എസ് ഡി സ്റ്റാമ്പ് പിടിച്ചെടുത്തത്.
ഒരു സ്റ്റാമ്പിൽ 650 മൈക്രോഗ്രാം ലൈസർജിക് ആസിഡ് വീതം കണ്ടന്റ് അടങ്ങിയിട്ടുള്ള 20 എണ്ണം ത്രീ ഡോട്ടട് എൽ എസ് ഡി സ്റ്റാമ്പാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഇത്തരത്തിലുള്ള ഒരു എൽ എസ് ഡി സ്റ്റാമ്പിന് വിപണിയിൽ 4000 മുതൽ 7000 രൂപ വരെ ഉള്ളതായി ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തി.
ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്തുന്നതിനും ഉന്മാദലഹരിയിൽ ജീവിക്കുന്നതിനുമാണ് പ്രതി ലഹരി വ്യാപാരം നടത്തി വന്നിരുന്നത്. ഇതു സംബന്ധമായ പ്രാഥമിക അന്വേഷണത്തിൽ കോഴിക്കോട് സ്വദേശിയായ സുഹൃത്ത് വഴി ചെന്നൈയിൽ നിന്ന് കൊറിയർ മുഖേന 75 സ്റ്റാമ്പ് വരുത്തിയതാണെന്നും ആയത് സുഹൃത്തുക്കൾക്ക് നൽകി വരുകയായിരുന്നെന്നും, കുറച്ച് ഇയാൾ തന്നെ ഉപയോഗിക്കുകയും ചെയ്തതായും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
Discussion about this post