ലക്നൗ: ഉത്തര്‍ പ്രദേശിലെ കുശിനഗറില്‍ മിഠായി കഴിച്ച 4 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. വീടിനു മുമ്പില്‍ നിന്നുകിട്ടിയ മിഠായി കുട്ടികള്‍ പങ്കിട്ടെടുത്തു കഴിക്കുകയായിരുന്നുവെന്നു പറയുന്നു. മൂത്ത കുട്ടിയാണ് വീടിന് പുറത്ത് കണ്ട മിഠായി എടുത്ത് മറ്റ് 3 പേര്‍ക്കും പങ്കിട്ടതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഇത്കഴിച്ച് അല്പസമയത്തിനകം 4 കുട്ടികള്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
അതേ സമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് കാവല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്. ഇരകളുടെ കുടുംബങ്ങള്‍ക്ക് കൃത്യമായ സഹായം നല്‍കാനും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. മിഠായിയില്‍ വിഷം കലര്‍ത്തിയതായി സംശയിക്കുന്നു എന്നാണ് കുശിനഗറിലെ പോലിസ് പറയുന്നത്. നേരത്തെയും സമാനരീതിയില്‍ സമീപത്തെ വീടുകളിലെ കുട്ടികള്‍ മരിച്ചതായും വിവരമുണ്ട്. ഇതിന്റെ പ്രതികാരമായാണോ വിഷം കലര്‍ത്തിയ മിഠായി ഇവിടെ കൊണ്ടിട്ടതെന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്.
Discussion about this post