തിരുവനന്തപുരം: കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താനൊരുങ്ങുന്നുവെന്ന സൂചന നൽകി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ്. വരും ദിവസങ്ങളില്‍ ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങളായിരിക്കും സ്വപ്ന വെളിപ്പെടുത്തിയേക്കുകയെന്നാണ് വിവരം. ഇതിനെ പ്രതിരോധിക്കാനുള്ള നീക്കങ്ങള്‍ ഭരണപക്ഷം തുടങ്ങിയിട്ടുണ്ടെന്നും അറിയുന്നു.
നേരത്തെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ എഴുതിയ പുസ്തകത്തില്‍ സ്വപ്നക്കെതിരെ വന്ന പരാമര്‍ശങ്ങളുടെ പിന്നാലെ, സ്വപ്ന വിവിധ മാധ്യമങ്ങളില്‍ ശിവശങ്കറിനെതിരെ വലിയ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. എന്നാല്‍ മറ്റു വിഷയങ്ങളിലേക്ക് ചോദ്യം കടന്നുവന്നെങ്കിലും സ്വപ്ന അതിനൊന്നും തന്നെ മറുപടി പറഞ്ഞിരുന്നില്ല. എന്നാല്‍ അന്നത്തെ വെളിപ്പെടുത്തലോടെ സ്വപ്നയ്ക്കെതിരെ സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. സ്വപ്നയുടെ വാക്കുകള്‍ വിശ്വസിക്കാനാവില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. ഇതിനു പിന്നാലെ സ്വപ്നയെ ചിലര്‍ സമീപിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് വിവരം.
പ്രതിപക്ഷത്തെ നേതാക്കളാരും സ്വപ്നയെ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നാണ് സൂചന. പക്ഷേ മറ്റു ചില ആളുകള്‍ വഴി ബന്ധപ്പെട്ടിരുന്നുവെന്നാണ് വിവരം. ഭരണനേതൃത്വത്തില്‍ മുമ്ബ് ഉണ്ടായിരുന്ന ചില പ്രമുഖരുടെ പങ്ക് വെളിപ്പെടുത്താനാണ് സ്വപ്ന തയ്യാറെടുക്കുന്നതെന്നാണ് സൂചന.ഡോളര്‍ കടത്ത് കേസിലടക്കം വെളിപ്പെടുത്തലുണ്ടായേക്കും. സ്വപ്നയുടെ വെളിപ്പെടുത്തല്‍ വലിയ കോളിളക്കം ഉണ്ടാക്കാനിടയുള്ളതാണ്. നിയമസഭാ സമ്മേളനം നടക്കുന്ന സമയത്ത് തന്നെ സ്വപ്നയുടെ പ്രതികരണം ഉണ്ടായേക്കും.
നിയമസഭാ സമ്മേളനത്തിന് ഇന്നു മുതല്‍ താല്‍ക്കാലിക ഇടവേളയാണ്. ഇനി സിപിഎം സംസ്ഥാന സമ്മേളനത്തിന് ശേഷം മാര്‍ച്ച് 11നാണ് സഭ സമ്മേളിക്കുക. ഈ ഇടവേളയില്‍ തന്നെ സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഉണ്ടായേക്കും.കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് ഉന്നത നേതാവിനായി നടത്തിയ ഇടപെടലും നടപടികളും സ്വപ്ന വെളിപ്പെടുത്താനിടയുണ്ട്. ഭരണഘടനാ സ്ഥാനത്തിരുന്ന ഉന്നത നേതാവിനെയും പ്രതിക്കൂട്ടിലാക്കാനുള്ള തെളിവുകള്‍ സ്വപ്നയുടെ കയ്യിലുണ്ട്. ഈ വെളിപ്പെടുത്തല്‍ വന്നാല്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാകാനുള്ള സാധ്യത ഏറും.
Discussion about this post