പയ്യോളി: എല്ലാ വൈവിധ്യങ്ങളേയും സമന്വയിപ്പിച്ചു കൊണ്ടു പോകുന്ന സംസ്കാരമാണ് സനാതന ധർമ്മമെന്നും അതിനെ ശക്തിപ്പെടുത്തണമെന്നും വെള്ളിമാട് കുന്ന് അമൃതാനന്ദമയി മഠം അധിപതി സ്വാമി വിവേകാമൃതാനന്ദപുരി. രാമരാജ്യം എല്ലാ ചരാചരങ്ങളേയും ഒന്നായിക്കാണാൻ പ്രേരിപ്പിക്കുന്ന മഹത്തായ സങ്കൽപ്പമാണ്. വിഭജനങ്ങൾക്ക് കാരണം സെമിറ്റിക് മതങ്ങളിലെ ഒരു വിഭാഗത്തിൻ്റെ സങ്കുചിത ചിന്തകളാണ്.
പയ്യോളി അഹല്യഭായി ഹോൾക്കർ നഗറിൽ സംഘടിപ്പിച്ച ഹിന്ദു ഏകതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം മതം അനുഷ്ഠിച്ചു കൊണ്ടു തന്നെ ഇവിടെ ജീവിക്കുന്ന എല്ലാ വിഭാഗങ്ങളും നമ്മുടെ ഭാരതത്തിൻ്റെ സംസ്കാരത്തെയും ദേശീയതയെയും ആദരിച്ചാൽ ശാന്തിയുണ്ടാകും. ആർക്കും ദുഃഖമുണ്ടാകാതിരിക്കട്ടെ എന്നുദ്ഘോഷിക്കുന്ന ഹിന്ദുധർമ്മം ശക്തിപ്പെടുത്താൻ നമുക്കോരോരുത്തർക്കും ഉത്തരവാദിത്വമുണ്ടെന്നും സ്വാമി തുടർന്നു പറഞ്ഞു.
വി വിനായകൻ അധ്യക്ഷത വഹിച്ചു. സംസ്കാർ ഭാരതി ക്ഷേത്രീയ സംഘടന സെക്രട്ടറി തിരൂർ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കലാ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നാട്യാചാര്യനും എഴുത്തുകാരനുമായ ദാമു നർത്തന, മുതിർന്ന ആർ എസ് എസ് പ്രവർത്തകൻ കെ ഗോവിന്ദൻ, കന്യാകുമാരി സമരഭടൻ വി അരവിന്ദൻ, കൊട്ടിയൂർ ദേവസ്വത്തിൽ നിന്നും വിരമിച്ച ഇരിങ്ങൽ കുഞ്ഞിരാമൻ, കാലടി സംസ്കൃത സർവകലാശാലയിൽ നിന്നും വേദാന്തത്തിൽ മൂന്നാം റാങ്ക് നേടിയ സി ടി നന്ദ മനോജ് എന്നിവരെ ആദരിച്ചു. കെ പി കൃപേഷ് സ്വാഗതവും കെ ശരത് നന്ദിയും പറഞ്ഞു. തുടർന്ന്, പയ്യോളി അമൃത ഭാരതി വിദ്യാനികേതൻ വിദ്യാർഥികളുടെ വന്ദേ മാതരം ഗാനാലാപനം, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി.





































Discussion about this post