ചെന്നൈ: അവിഹിത ബന്ധം സംശയിച്ച് ആശുപത്രി വളപ്പിൽ നാട്ടുകാർ നോക്കിനിൽക്കെ നഴ്സായ ഭാര്യയെ കുത്തിക്കൊന്നു. കോയമ്പത്തൂർ പി എൻ പാളയത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ വി നാൻസിയാണ് (32) ഭർത്താവിൻ്റെ കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് വിനോദ് (37) നെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
ദാമ്പത്യപ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും വേർപിരിഞ്ഞുകഴിയുകയായിരുന്നു. മെഡിക്കൽ റെപ്രസെന്റേറ്റീവായി ജോലി ചെയ്യുകയായിരുന്നു വിനോദ്.ഇരുവരുടെയും മക്കൾ വിനോദിനൊപ്പമാണ് താമസം. ഇതിനിടെ നാൻസിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് വിനോദിന് സംശയം തോന്നി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ആശുപത്രിയിലെത്തിയ വിനോദ് ഭാര്യയുമായി വഴക്കിട്ടിരുന്നു. എന്നാൽ പ്രതികരിക്കാൻ തയ്യാറാകാതിരുന്ന നാൻസി എത്രയും വേഗം അവിടെനിന്ന് പോകാൻ ഭർത്താവിനോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ വിനോദ് കൈയിൽ കരുതിയ കത്തിയെടുത്ത് നാൻസിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. നാൻസി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച വിനോദിനെ സുരക്ഷാജീവനക്കാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു.
Discussion about this post