പയ്യോളി: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് വീട്ടിലേക്കുള്ള വഴി നഷ്ടപ്പെടുകയും വീട് വാസയോഗ്യമല്ലാതായി തീരുകയും ചെയ്ത കുന്നുമ്മൽ സുശീലയുടെ ദുരിതം പേറുന്ന നിവേദനം എം പി കെ മുരളീധരന് സമർപ്പിച്ചു. അനുഭാവപൂർവം പരിഗണിക്കുമെന്നും ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് പ്രശ്ന പരിഹാരത്തിന് ആക്കം കൂട്ടാമെന്നും എം പി ഉറപ്പുനൽകിയതായി നിവേദക സംഘം പയ്യോളി വാർത്തകളോട് പറഞ്ഞു.

”സുശീലയ്ക്ക് വീടിന് പുറത്തെത്താൻ സൈന്യത്തിൻ്റെ സഹായം വേണം, ഹെലികോപ്റ്ററും” എന്ന ശീർഷകത്തിൽ കഴിഞ്ഞ ദിവസം ‘പയ്യോളി വാർത്തകൾ’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രദേശത്തെ പൗരപ്രമുഖരുടെ നേതൃത്വത്തിൽ എം പി ക്ക് നിവേദനം നൽകിയത്.

അശാസ്ത്രീയമായ സ്ഥലമേറ്റെടുപ്പാണ് സുശീലയെ ദുരിതലാക്കിയത്. കുന്ന് തുരന്നതോടെ മുപ്പതോളം മീറ്റർ ഉയരത്തിലാവുകയായിരുന്നു വീട്. വഴിയും ഇല്ലാതാക്കപ്പെട്ടു. വാസയോഗ്യമല്ലാതാവുന്ന സ്ഥലവും വീടും ഏറ്റെടുത്ത് അർഹമായ നഷ്ട പരിഹാരം നൽകണമെന്നതാണ് ആവശ്യം. ഈ ആവശ്യമുന്നയിച്ച് പ്രശ്ന പരിഹാരത്തിനായി ജില്ലാ കലക്ടർക്ക് സുശീല പരാതിയും നൽകിയിട്ടുണ്ട്.
നിവേദകസംഘത്തിന് സുശീലയുടെ മകൻ സുരേഷ് ബാബു, ഇ ടി പത്മനാഭൻ, ഗിരീഷ് പുതിയെടുത്ത്, കെ വി സതീശൻ എന്നിവർ നേതൃത്വം നൽകി.

Discussion about this post