ഇരിട്ടി: കേരളത്തിന്റെ മരുമകൾക്ക് വീടൊരുക്കി നൽകി സുരേഷ് ഗോപി. ആസാം സ്വദേശിനിയായ മുൻമി ഗെഗോയിക്ക് ആണ് പുത്തൻവീട് വെച്ച് പേരുമിട്ടത്.. ഇരിട്ടി സ്വദേശിയായ കെ എൻ സജേഷിന്റെ ഭാര്യയാണ് മുൻമി. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ വികാസ് നഗർ വാർഡിൽ ബി ജെ പി സ്ഥാനാർത്ഥിയായി മുൻമി മത്സരിച്ചിരുന്നു.
അപ്പോഴാണ് യുവതിയുടെ കഷ്ടപ്പാടുകളെക്കുറിച്ചറിഞ്ഞത്. സ്വന്തമായി ഒരു സെൻ്റ്റ്റ് ഭൂമി പോലുമില്ലാതെ ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം ദീർഘകാലമായി വാടകവീട്ടിലായിരുന്നു മുൻമിയുടെ താമസം. മനസലിഞ്ഞ സുരേഷ് ഗോപി വീട് നൽകാമെന്ന് വാഗ്ദാനം നൽകി.
തുടർന്ന് ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ സ്ഥലം കണ്ടെത്തി. ഡോ. പി സലീം തില്ലങ്കേരി കാർക്കോട്ട് സൗജന്യമായി ഭൂമി നൽകി. തുടർന്നായിരുന്നു വീട് നിർമാണം. വിഷുവിന്റെ പിറ്റേന്ന് പാലുകാച്ചൽ ചടങ്ങ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും സുരേഷ് ഗോപിക്ക് എത്താൻ കഴിയാത്തതുകൊണ്ട് മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ കാർമികത്വത്തിൽ നിലവിളക്ക് തെളിയിച്ചാണ് ചടങ്ങ് നടത്തിയത്. വീടിന് ശ്രീലക്ഷ്മി എന്ന പേരും അദ്ദേഹം നൽകി.
Discussion about this post