കോവളം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിൽ എടുത്ത അഞ്ചംഗ സംഘത്തിലെ ഒരാൾ നെഞ്ചുവേദനയെ തുടർന്ന് മരിച്ചു. കസ്റ്റഡി മരണമെന്നാരോപിച്ച് പ്രതിയുടെ ബന്ധുക്കളും നാട്ടുകാരിൽ ഒരു വിഭാഗവും സ്റ്റേഷനിലെത്തി പ്രതിഷേധിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. നെല്ലിയോട് ചരുവിള പുത്തൻവീട്ടിൽപ്രഭാകരന്റെയും സുധയുടെയും മകൻ സുരേഷ് (40) ആണ് ഇന്നലെ പോലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകുന്നേരം തിരുവല്ലം ജഡ്ജികുന്നിൽ കാറിലെത്തിയ കുടുംബത്തെ തടഞ്ഞ് നിർത്തി ആക്രമിച്ച കേസിലാണ് സുരേഷിനൊപ്പം നെല്ലിയോട് സ്വദേശികളായ ബിജു, രാജേഷ്, വിനീത്, രാജേഷ് എന്നിവരെ തിരുവല്ലം പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവർ ലഹരിമരുന്ന് ഉപയോഗിച്ച ശേഷം അമിതമായി മദ്യപിച്ചിരുന്നതായും പോലീസ് പറയുന്നു. ജഡ്ജികുന്നിലെത്തിയ ഒരു കുടുംബത്തിനെ തടഞ്ഞു വച്ച് ആക്രമിക്കുകയും ഒരു പെൺക്കുട്ടിയുടെ ആഭരണങ്ങൾ കവരാൻ ശ്രമിക്കുകയും ചെയ്തെന്നായിരുന്നു പരാതി. ഇന്നലെ രാവിലെയോടെ പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോകുന്നതിനിടെ സുരേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടു. ഇയാളെ ഉടൻ തന്നെ പൂന്തുറ സർക്കാർ ആശുപത്രിയിലും അവിടെ നിന്ന് മറ്റൊരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാകാം മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞതായി തിരുവല്ലം പോലീസ് പറഞ്ഞു.
Discussion about this post