തിരുവനന്തപുരം: കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി പതിമൂന്ന് വയസുകാരന് മരിച്ചു. നെടുമങ്ങാട് മാണിക്യപുരം സ്വദേശിയായ സൂരജ് ആണ് കഴുത്തില്‍ കയര്‍കുരുങ്ങി മരിച്ചത്. മാണിക്യപുരം സെന്റ് തെരേസാസ് സ്കൂള്‍ വിദ്യാര്‍ഥിയാണ് സൂരജ്.
ഞായറാഴ്ച വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു സംഭവം. കളിച്ചു കൊണ്ട് നിന്ന സൂരജ് കയര്‍ കഴുത്തില്‍ കുരുങ്ങി പിടയുന്നത് കണ്ട അമ്മൂമ്മ പുഷ്പ ഓടിച്ചെന്നു കയര്‍ മുറിച്ചിട്ടു. ഇതിനിടയില്‍ ഇവര്‍ കാല് വഴുതി സമീപത്തെ കുഴിയില്‍ വീണു. ഇവര്‍ക്കും പരിക്കേറ്റു.
രണ്ടു പേരെയും ഉടന്‍ നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും സൂരജ് മരിച്ചിരുന്നു. സാരമായി പരിക്കേറ്റ അമ്മൂമ്മ പുഷ്പയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂരജിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സൂരജ് മാണിക്കപുരം സെന്റ് തെരെസാസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.
Discussion about this post